a

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ പ്രതിഷേധിച്ച കേസ് അന്വേഷിക്കാൻ സംസ്ഥാന പൊലീസിന് നിയമപരമായ അവകാശമില്ലെന്നും കേന്ദ്രത്തിന്റെ അനുമതിയോടെ ദേശീയ സുരക്ഷാ ഏജൻസിയാണ് അന്വേഷിക്കേണ്ടതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതികളുടെ കസ്​റ്റഡി ആവശ്യപ്പെട്ടുള്ള സർക്കാർ ഹർജി പരിഗണിക്കവേയാണ് പ്രതിഭാഗം വാദം ഉന്നയിച്ചത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. പ്രതികൾക്കെതിരെ പൊലീസ് വ്യോമയാന നിയമങ്ങൾ ചുമത്തിയെടുത്ത കേസ് നിലനിൽക്കാത്തതാണ്. അത്തരം നിയമങ്ങൾ ചുമത്തിയാൽ കേസ് അന്വേഷിക്കാനുളള അധികാരം നിയമപ്രകാരം ദേശീയ സുരക്ഷാ ഏജൻസിക്കാണ്. സി.പി.എം അനുകൂല സംഘടനാ നേതാവായ ഉദ്യോഗസ്ഥനാണ് ഈ കള്ളകേസിന് പിന്നിലെന്നും പ്രതിഭാഗം ആരോപിച്ചു. കേസ് അന്വേഷിക്കാൻ നിലവിലെ നിയമപ്രകാരം പൊലീസിന് യാതൊരു തടസവുമില്ലെന്ന് ജില്ലാ ഗവൺമെന്റ് പ്ലീഡർ വെമ്പായം എ.എ. ഹക്കീം വാദിച്ചു. കേസ് പൊലീസ് അന്വേഷിച്ച ശേഷം വിവരങ്ങൾ ദേശീയ സുരക്ഷാ ഏജൻസിക്ക് കൈമാറിയാൽ മതിയെന്നാണ് സർക്കാരിന്റെ അഭിപ്രായം. ദേശീയ സുരക്ഷാ നിയമം പരിശോധിച്ച ശേഷം കേസിൽ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.