തിരുവനന്തപുരം: നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ഇടതുമുന്നണിയിൽ ആലോചിച്ച് സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എല്ലാ കാലത്തും റെയിൽവേ മേഖലയിൽ കേരളത്തെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്.കൊച്ചുവേളിയെ ചൂണ്ടിക്കാട്ടിയാണിപ്പോൾ നേമത്തെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നത്.ടെർമിനൽ പദ്ധതി പുനരാരംഭിക്കാനായി കേരളത്തിലെ മുഴുവൻ എം.പിമാരും ഒറ്റക്കെട്ടായി ഇടപെടണം. കൊച്ചുവേളിയിലെയും തിരുവനന്തപുരത്തെയും നിലവിലെ പ്ലാറ്റ്ഫോം സൗകര്യങ്ങൾ അപര്യാപ്തമാണ്.
തലസ്ഥാന വികസനത്തിൽ നിർണായക പങ്ക് വഹിക്കാനുള്ളതാണ് നേമം ടെർമിനൽ പദ്ധതി. പദ്ധതി ഉപേക്ഷിച്ചതിനെക്കുറിച്ച് ജില്ലയിൽ നിന്നുള്ള രണ്ട് എം.പിമാരും ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് നേമം ടെർമിനലിന്റെ ഉദ്ഘാടനം നടത്തുകയും അത് കഴിഞ്ഞപ്പോൾ പദ്ധതി ഉപേക്ഷിക്കുകയുമാണുണ്ടായത്.ബി.ജെ.പി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ അഭിപ്രായം പറയണമെന്നും ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു.ഐ.ബി. സതീഷ് എം.എൽ.എയും വാർത്താസമ്മേളനത്തിൽ സന്നിഹിതനായി.