
നെടുമങ്ങാട് : കരകുളം പഞ്ചായത്തിലെ മുദി ശാസ്താംകോട് വാർഡിലെ സമഭാവന റസിഡന്റ്സ് അസോസിയേഷൻ പരിധിയിലൂടെ കടന്നുപോകുന്ന ആറാം കല്ല് - മാടവന റോഡിലെ ഇരുപത്തിയഞ്ചോളം തെരുവിളക്കുകൾ കഴിഞ്ഞ 11 ദിവസമായി കത്തുന്നില്ല. ഈ മാസം 7-ാം തീയതി രാത്രി ഒരു വാഹനം ഇടിച്ചതിന്റെ ഫലമായി ഒരു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനെതുടർന്ന് വാഹന ഉടമ പിറ്റേ ദിവസം തന്നെ കെ.എസ്.ഇ.ബി നിർദ്ദേശിച്ച തുക പിഴയായി അടച്ചെങ്കിലും ഇതുവരെ തെരുവു വിളക്കുകൾ പുന:സ്ഥാപിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രദേശവാസികളും , അസോസിയേഷനും അധികൃതരോട് ആരാഞ്ഞപ്പോൾ വൈദ്യുതി പോസ്റ്റ് ലഭ്യമല്ലായെന്ന പതിവ് പല്ലവിയാണ് പറയുന്നത്. വൈദ്യുതി പോയാൽ ഉപഭോക്താവിന് മൂന്ന് മിനിട്ടിനുള്ളിൽ വൈദ്യുതി ലഭ്യമാക്കണമെന്ന നയം പ്രഖ്യാപിച്ചിരിക്കുന്ന ബോർഡ് തന്നെയാണ് പൊതുജനങ്ങളുടെ വിഷയത്തിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത്. രാത്രികാലങ്ങളിൽ നിരവധി സ്ത്രീകളും , കുട്ടികളുമാണ് ആറിന്റെ തീരത്ത് കൂടി പോകുന്ന ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. മാത്രമല്ല, തെരുവിളക്കുകൾ ഇല്ലാതിരുന്നപ്പോർ മാല പൊട്ടിച്ച സംഭവങ്ങൾ വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. കൂടാതെ ഇഴജന്തുക്കളുടെ ശല്യവും ഇവിടെ പതിവാണ്. അധികൃതർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.