ബാലരാമപുരം: ദേശീയപാതയിൽ നെയ്യാറ്റിൻകര റോഡിൽ പെട്രോൾ പമ്പിന് സമീപം ദുർഗന്ധം നിറഞ്ഞ ഓടയിലെ മാലിന്യം നീക്കം ചെയ്തു. അസഹ്യമായ ദുർഗന്ധം വമിക്കുന്ന ഓടയിലെ മാലിന്യപ്രതിസന്ധിക്കെതിരെ വ്യാപക പരാതിയുയർന്നിരുന്നു. വാർഡ് മെമ്പർ ദേവികയും നിരവധി പരാതി പഞ്ചായത്തിൽ അറിയിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ സ്ഥലം സന്ദർശിക്കുകയും ദേശീയപാതയിൽ നിന്നും പ്രത്യേക അനുമതി വാങ്ങി പഞ്ചായത്ത് ഫണ്ടിൽ നിന്നും ഓട നവീകരിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. ഡ്രെയിനേജ് ഉൾപ്പെടെയുള്ള മാലിന്യമാണ് ഓടവഴി ഒഴുകിയിരുന്നത്. മരാമത്ത് അധികൃതരെ നിരവധി തവണ പരാതി അറിയിച്ചെങ്കിലും റോഡ് ദേശീയപാത അതോറിട്ടി ഏറ്റെടുത്തതോടെ ഓടയിലെ മാലിന്യനീക്കം അനിശ്ചിതമായി നീണ്ടു. മുടങ്ങാതെ പഞ്ചായത്ത് നികുതി ഈടാക്കുന്ന കച്ചവടക്കാരുടെ പരാതിയും വർദ്ധിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു.