തിരുവനന്തപുരം: തെരുവ് നായയുടെ കണ്ണ് അടിച്ചുപൊട്ടിച്ചെന്ന പരാതിയിൽ കെ.എസ്.ഇ.ബിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്‌തു. പട്ടം വൈദ്യുതി ഭവനിലെ സെക്യൂരിറ്റിയായ മുരളിയെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

രണ്ട് ദിവസം മുമ്പ് തെരുവ് നായയെ ആക്രമിച്ചെന്ന് പീപ്പിൾസ് ഫോർ ആനിമൽസ് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി. പട്ടത്തെ വൈദ്യുതി ഭവൻ ഓഫീസ് പരിസരത്ത് ചുറ്റിക്കറങ്ങുന്ന തെരുവ്നായ സ്ഥിരമായി തന്നെ ഓടിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ടെന്നും കഴിഞ്ഞദിവസം ഇത്തരത്തിൽ തനിക്ക് നേരെ ചാടിവീണപ്പോഴാണ് അടിച്ചതെന്നുമാണ് മുരളി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. പരിക്കേറ്റ തെരുവ് നായ മൃഗസ്നേഹികളുടെ പരിചരണത്തിലാണ്.