തിരുവനന്തപുരം : പേയാട് സ്വദേശി 60വയസുള്ള ഭിന്നശേഷിക്കാരന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മന്ത്രി വീണാജോർജ് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. എട്ട് വർഷംമുമ്പുണ്ടായ വീഴ്ചയെ തുടർന്ന് വീൽച്ചെയറിലായിരുന്നു രോഗി മൂന്നുദിവസം മുൻപാണ് വയറ് വേദനയെ തുടർന്ന് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ സീനിയർ ഡോക്ടറെ കാണാനെത്തിയത്. എന്നാൽ വീൽച്ചെയറിലുള്ള രോഗിയെ പരിശോധനാ മുറിയിൽ കയറ്റാനോ, രോഗിയുടെ അടുത്ത് പോയി പരിശോധിക്കാനോ ഡോക്ടർ തയ്യാറായില്ല. ഇത് ഭിന്നശേഷിക്കാരനായ രോഗിക്കും ഭാര്യയ്ക്കും ഉണ്ടായ അനുഭവം പരാതിയായി വാട്സാപ്പിലൂടെയാണ് മന്ത്രിക്ക് ലഭിച്ചത്.