
കടയ്ക്കാവൂർ : സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവറായി ജോലിക്കുപോയ ഭർത്താവിനെക്കുറിച്ച് അഞ്ചു വർഷമായി ഒരു വിവരവുമില്ലെന്നും തനിക്കും മകൾക്കും നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് ആലംകോട് സ്വദേശി അൻസി നടത്തിയ വാർത്താസമ്മേളനത്തെ തുടർന്ന്, 2022 മാർച്ച് 25ന് കേരളകൗമുദി നൽകിയ വാർത്ത തുണയായി. സജീറിനെ മലപ്പുറത്തു നിന്ന് കണ്ടെത്തി.
വാർത്ത ശ്രദ്ധയിൽപ്പെട്ട നന്മ പ്രവാസി കൂട്ടായ്മ കായിക്കരയുടെ ഫൗണ്ടർ ഗ്രൂപ്പ് അംഗമായ അജികുമാർ നെടുങ്ങണ്ട, ഈ വാർത്ത റിയാദ് ആസ്ഥാനമായ "പ്ലീസ് ഇന്ത്യ"എന്ന സംഘടനയിലെ ലീഗൽ എയ്ഡ് സെല്ലിന്റെ ഡിപ്ലോമാറ്റിക് ഗ്ലോബൽ സെക്രട്ടറി അൻഷാദ് കരുനാഗപ്പള്ളിയെയും മീഡിയ കോഓർഡിനേറ്ററും നന്മ പ്രവാസി കൂട്ടായ്മയുടെ ഫൗണ്ടർ മെമ്പറുമായ സുധീഷ് അഞ്ചുതെങ്ങിനെയും അറിയിച്ചിരുന്നു. തുടർന്ന് സുധീഷ് കാണാതായ സജീറിന്റെ ഭാര്യ അൻസിയെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയും അൻഷാദിന്റെ പേരിൽ ഓതറൈസേഷൻ ലെറ്റർ വാങ്ങി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ അൻസി മുഖ്യമന്ത്രിക്കും നോർക്കയ്ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുമടക്കം പരാതികൾ നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സജീറിന്റെ പാസ്പോർട്ടിന്റെയും അഞ്ചുവർഷങ്ങൾക്ക് മുൻപ് നാട്ടിലേക്ക് പണമയച്ച രസീതിന്റെയും കോപ്പികൾ മാത്രമായിരുന്നു അൻസിയുടെ കൈവശമുണ്ടായിരുന്നത്. ഓതറൈസേഷൻ ലെറ്റർ കൈപ്പറ്റി ദിവസങ്ങൾക്കുള്ളിൽ തന്നെ സജീർ സൗദിയിൽ ഇല്ലെന്നും അഞ്ചു വർഷം മുൻപ് നാട്ടിലേക്കുമടങ്ങിയെന്നും കണ്ടെത്തി. തുടർന്ന് അൻഷാദിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവിൽ സജീറിനെ മലപ്പുറത്തു നിന്ന് കണ്ടെത്തുകയായിരുന്നു. സജീർ കുടുംബപരമായ ചില പ്രശ്നങ്ങൾ കാരണം ബന്ധുക്കളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നു. സജീറിനെ കണ്ടെത്തി വീട്ടുകാർക്ക് വിവരങ്ങൾ കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അജികുമാറും പ്ലീസ് ഇന്ത്യ പ്രവർത്തകരായ അൻഷാദും സുധീഷയും പറഞ്ഞു.