കോവളം: കൊവിഡും പ്രളയക്കെടുതികളും തകർത്ത ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയുണർത്തി കോവളം ബീച്ച്. കഴിഞ്ഞ ദിവസം ഞായറാഴ്ച കൂടിയായതിനാൽ അവധി ആഘോഷിക്കാർ ബീച്ചിൽ സഞ്ചരികളുടെ ഒഴുക്കായിരുന്നു. വിദേശ ടൂറിസ്റ്റുകൾ എത്തുന്നതിന് തടസമായി കൊവിഡ് ഭീതികൾ തുടരുമ്പോഴും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് വർദ്ധിച്ചതോടെയാണ് കോവളം വീണ്ടും സജീവമായത്. കഴിഞ്ഞമാസം അവസാനം മുതലാണ് കർണാടക, മഹാരാഷ്ട്ര, ആന്ധ്ര, യു.പി എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് തുടങ്ങിയത്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ടൂറിസം മേഖലയെ സജീവമാക്കാനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ പുരോഗമിക്കുന്നത് കോവളത്തിന് ആശ്വാസമായി. അടുത്തിടെ കടലാക്രമണത്തിലും കനത്തമഴയിലും തീരവും മണൽത്തിട്ടയും നഷ്ടപ്പെട്ടതോടെ ബീച്ചിലെ സ്ഥലവിസ്തൃതി ചുരുങ്ങിയിരുന്നു. കോവളം ബീച്ചിൽ സ്വകാര്യകമ്പനി സ്വന്തംസ്ഥലം കടലെടുക്കാതിരിക്കാൻ കൂറ്റൻ പാറകൾ കടൽഭിത്തിപോലെ നിരത്തിയതോടെ ബീച്ചിലേക്കുള്ള വഴികളും ഇല്ലാതായി. ടൂറിസം വകുപ്പ് ഇടപ്പെട്ടാണ് പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചത്. എന്നാൽ ഏതാനും അഭാവങ്ങൾ ബീച്ചിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
പരിമിതികളും ഏറെ
വസ്ത്രം മാറാനുള്ള സൗകര്യം, ഷെൽട്ടറുകൾ, വാഷ് റൂമുകൾ, ടോയ്‌ലെറ്റുകൾ എന്നിവ ബീച്ചിലില്ല. സുരക്ഷയുടെ ഭാഗമായി ഏതാനും വർഷം മുമ്പ് സ്ഥാപിച്ച അലാറം സംവിധാനങ്ങളെല്ലാം കടലാക്രമണത്തിൽ തകർന്നു. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി എസ്.ഐയുടെ നേതൃത്വത്തിൽ രണ്ട് ഡസനോളം പൊലീസുകാരുമായി ആരംഭിച്ച ടൂറിസം പൊലീസും പേരിന് മാത്രമായി. കൊവിഡിന് മുമ്പ് കച്ചവടക്കാരും സന്ദർശകരുമൊക്കെ ഉണ്ടായിരുന്ന ബീച്ചിൽ ഇപ്പോൾ കച്ചവടക്കാർ പേരിന് മാത്രം.
ബീച്ച് പഴയ പ്രതാപത്തിലേക്ക്
നടപ്പാത പുതുക്കികോവളം ബീച്ചിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കടലാക്രണത്തിൽ തകർന്ന നടപ്പാത ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ പുനർനിർമ്മിച്ചു. 41 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഹവാ ബീച്ചിൽ നിന്ന് ലൈറ്റ് ഹൗസ് ബീച്ചിലേക്കുള്ള നടപ്പാതയാണ് പുനർനിർമ്മിച്ചത്. കോവളം ഉൾപ്പെടെ വിനോദസഞ്ചാര മേഖലകളിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള നിരവധി പദ്ധതികൾ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയിൽ സമഗ്രമായ മാറ്റത്തിന് ഉതകുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. സൗഹൃദമാക്കുകയെന്നതാണ് ടൂറിസം വകുപ്പിന്റെ താത്പര്യം.