p

തിരുവനന്തപുരം:കേന്ദ്ര സഹകരണ മന്ത്രാലയം അമിത്ഷായെ ഏൽപ്പിക്കുന്നത് കോഴിയെ സംരക്ഷിക്കാൻ കുറുക്കന് നൽകുന്നതിന് സമാനമാണെന്ന് കെ. മുരളീധരൻ എം.പി.പറഞ്ഞു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സിന്റെ ഒന്നാം സംസ്ഥാന സമ്മേളനം തിരവനന്തപുരം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ (എസ്. വരദരാജൻനായർ നഗർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2017ൽ കേരള സർക്കാർ 13 യു.ഡി.എഫ് ജില്ലാ ബാങ്ക് ഭരണസമിതികളെ ജനാധിപത്യ വിരുദ്ധമായി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി.ഇതിലൂടെ ബാങ്കുകളെ എങ്ങനെ പിടിച്ചെടുക്കാമെന്ന് കേന്ദ്രമന്ത്രി അമിത്ഷായ്ക്ക് മാതൃക കാണിച്ചുകൊടുത്തിരിക്കുകയാണ്. ഇതിന്റെ തെളിവാണ് സഹകരണ ബാങ്കുകളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ ആർ.ബി.ഐക്ക് അധികാരം നൽകിക്കൊണ്ടുള്ള പുതിയ ബാങ്കിംഗ് റെഗുലേഷൻ നിയമ ഭേദഗതിയെന്നും മുരളീധരൻ പറഞ്ഞു.

ചടങ്ങിൽ കെ.ബി.ഇ.സി പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, വി.എസ്. ശിവകുമാർ, എ.ഐ.ബി.ഇ.എ സംസ്ഥാന പ്രസിഡന്റ് കെ.എസ്. കൃഷ്ണ, സ്വാഗതസംഘം ജനറൽ കൺവീനർ കെ.എസ്. ശ്യാംകുമാർ,കെ.ബി.ഇ.സി ട്രഷറ‌ർ കെ.നബിദാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.കെ. അബ്ദുറഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു.വൈകിട്ട് നടന്ന വനിതാസമ്മേളനം വനിത കമ്മിഷൻ മുൻ അംഗം അഡ്വ.എം.എസ്. താര ഉദ്ഘാടനം ചെയ്തു.വനിതാവേദി പ്രസിഡന്റ് പി.വി. ലതിയമ്മ,വി.ടി.എം.എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ.ബെറ്റിമോൾ മാത്യു,എ.കെ.ബി.ഇ.എഫ് എസ്.പിങ്കി എന്നിവർ പങ്കെടുത്തു.വൈകിട്ട് നടന്ന കലാസന്ധ്യ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉച്ചയ്ക്ക് 12ന് സഹകരണ സമ്മേളനം മന്ത്രി വി.എൻ. വാസവനും ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 2ന് ലയന സമ്മേളനം കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും വൈകിട്ട് 4ന് സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും.