health-center

വക്കം : റൂറൽ ഹെൽത്ത് സെന്ററിന്റെ ലാബിൽ സാമ്പത്തിക തിരിമറിയെന്ന് പരാതി. ലാബിന്റെ കഴിഞ്ഞ 6 മാസത്തെ കണക്ക് പരിശോധിച്ചപ്പോൾ അരലക്ഷത്തിലധികം രൂപയുടെ കുറവ് കണ്ടെത്തി. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ഹെൽത്ത് സെന്റർ എ.എം. ഒ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ കീഴിലാണ് വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം. ഇവിടെ രാജീവ് ഗാന്ധി ബയോ ടെക്നോളജിക്കുകീഴിൽ പ്രവർത്തിക്കുന്ന ലാബിലാണ് തിരിമറി കണ്ടെത്തിയത്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതി പ്രകാരം രോഗികൾക്ക് കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വേണ്ടിയുള്ളതാണ് ലാബ്. ലാബിന്റെ മേൽനോട്ടം ബ്ലോക്ക് പഞ്ചായത്തിനാണ്. ജീവനക്കാരെ നിയമിക്കുന്നത് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയും. ഇവിടെ കഴിഞ്ഞ നാല് വർഷമായി കരാർ ജീവനക്കാരിയാണ് പണമിടപാടുകൾ നടത്തിയിരുന്നത്. കഴിഞ്ഞ ആറു മാസത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ തന്നെ ക്രമക്കേടുകൾ കണ്ടെത്തി. ഇതേ തുടർന്ന് കഴിഞ്ഞകാലത്തെ കണക്കുകൾ കൂടി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി നേതൃത്വം മുന്നോട്ടുവന്നിരിക്കുകയാണ്. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഉടൻ യോഗം ചേർന്ന് തുടർ നടപടികൾ കൈക്കൊള്ളുമെന്ന് എ.എം.ഒ അജിത് ചക്രവർത്തി പറഞ്ഞു.