തിരുവനന്തപുരം: കോൺഗ്രസ് നേതാവും വട്ടിയൂർക്കാവ് പഞ്ചായത്ത് മുൻ അംഗവുമായ അജയകുമാറിന്റെ (66) മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ല. മരണം ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തൽ.
വീട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിക്കുകയോ പരാതി നൽകുകയോ ചെയ്‌തിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചശേഷം നടപടികൾ അവസാനിപ്പിക്കാനാണ് പേരൂർക്കട പൊലീസിന്റെ തീരുമാനം. അതേസമയം അജയകുമാറിന്റെ സംസ്‌കാരം കഴിഞ്ഞു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന് നടക്കും. ശനിയാഴ്ച രാവിലെ 11ഓടെയാണ് വട്ടിയൂർക്കാവ് ആയൂർക്കോണം നന്ദനത്തിൽ അജയകുമാറിന്റെ മൃതദേഹം മണ്ണാമൂല ഇരുമ്പനത്ത് ലെയ്‌നിലെ പറമ്പിൽ കണ്ടെത്തിയത്.
പറമ്പിന് സമീപത്തെ പുരയിടത്തിന്റെ ഉടമസ്ഥൻ സ്ഥലം വൃത്തിയാക്കാനെത്തിയപ്പോഴായിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. അജയകുമാറിന്റെ തിരിച്ചറിയൽ കാർഡ് പൊലീസിന് ലഭിച്ചതോടെയാണ് ആളെ വ്യക്തമായത്. തുടർന്ന് പേരൂർക്കട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു.
ചൊവ്വാഴ്ച നെടുമങ്ങാട് ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ അജയകുമാറിനെക്കുറിച്ച് പിന്നീട് വീട്ടുകാർക്ക് വിവരം ലഭിച്ചില്ല. വട്ടിയൂർക്കാവിലേത് അജയകുമാറിന്റെ കുടുംബവീടാണ്. വർഷങ്ങളായി ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്നു താമസം.