തിരുവനന്തപുരം : വിദ്വേഷവും ഭയാശങ്കകളും പടരുന്ന കാലത്ത് സാമൂഹിക ഐക്യത്തിനായി ഒന്നിച്ചു നിൽക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.

സാദിഖലി തങ്ങളുടെ ജില്ലാ പര്യടനത്തിന്റെ ഭാഗമായി തലസ്ഥാനത്തെ മത,സാമുദായിക,സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത സുഹൃദ് സംഗമത്തിലായിരുന്നു ആഹ്വാനം. ഹൃദയങ്ങൾ തമ്മിൽ ബന്ധിപ്പിക്കുക ഈ കാലഘട്ടത്തിൽ അനിവാര്യമാണ്. ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാകുമ്പോൾ തന്നെ, മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിയണം. ഓരോ മത വിഭാഗത്തിലെയും ചെറിയൊരു വിഭാഗം മാത്രമാണ് വിദ്വേഷം പടർത്തുന്നതെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും തങ്ങൾ പറഞ്ഞു.

മത വിദ്വേഷം വർദ്ധിക്കുന്നത് എല്ലാവിഭാഗങ്ങൾക്കും ദോഷകരമാണെന്ന് ലീഗ് അഖിലേന്ത്യാ ജനറൽ

സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങൾ വിദേശത്തുള്ള ലക്ഷക്കണക്കിനു ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുമെന്നും അതിനെ ലഘൂകരിക്കാൻ ഉതകുന്ന പൊതു ഇടങ്ങൾ ഉണ്ടാകണമെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. നാടിന്റെ സാമൂഹിക സന്തുലിതാവസ്ഥ നിലനിറുത്തണമെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു. കൊറോണ വൈറസിനൊപ്പം, വർഗീയ വൈറസും പടർന്നു പിടിച്ച സ്ഥിതിയാണെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി പറഞ്ഞു.

ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഒരു പെറ്റിക്കേസ് പോലും കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടാതിരുന്നതിനു പിന്നിലെ ഉത്തരവാദിത്വം പാണക്കാട് കുടുംബത്തിനും മുസ്ലിം ലീഗിനുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. എല്ലാവരെയും സ്വീകരിക്കുന്ന കേരളത്തിന്റെ മണ്ണിൽ

വിള്ളലുണ്ടാകുന്നത് ദുഃഖകരമാണെന്ന് മലങ്കര മാർത്തോമ സഭ പ്രതിനിധി ഫാ. അരുൺ തോമസ് പറഞ്ഞു.

വലിയ ഭയം എല്ലാവിഭാഗങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് സ്വാമി അശ്വതിതിരുനാൾ പറഞ്ഞു. ഗായകൻ രമേശ് നാരായണൻ മാനവിക ഐക്യ സന്ദേശം പകരുന്ന ഹിന്ദുസ്ഥാനി സംഗീതം ആലപിച്ചു.

താഴേത്തട്ടിലും സുഹൃദ് സംഗമങ്ങൾ നടത്തുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി, വിഴിഞ്ഞം സഈദ് മുസ് ലിയാർ, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ, സ്‌പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസ്, ജി. വിജയരാഘവൻ, സയ്യിദ് മുത്തുക്കോയ തങ്ങൾ, അടൂർ പ്രകാശ് എം.പി, എം. വിൻസെന്റ് എം.എൽ.എ, പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു.