വിതുര:ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് പഞ്ചായത്തംഗത്തെ വീട്ടിൽക്കയറി മർദ്ദിച്ചവശനാക്കുകയും ജാതിപറഞ്ഞ് അവഹേളിക്കുകയും ചെയ്തതായി പരാതി.വിതുര പഞ്ചായത്ത് പൊന്നാംചുണ്ട് വാർഡ് മെമ്പർ എസ്.രവികുമാറിനാണ് മർദ്ദനമേറ്റത്.കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലൈഫ് ഭവനപദ്ധതി പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന് പറഞ്ഞ് വിനോദ്, രവികുമാറിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയുമായിരുന്നു.എന്നാൽ വിനോദിന്റെ പേര് ലൈഫ് പട്ടികയിൽ 28ാമതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രവികുമാർ പറഞ്ഞു.വിവരം വിനോദിന്റെ ഭാര്യയെ കഴിഞ്ഞ ദിവസം അറിയിച്ചതായും രവികുമാർ വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമിക്കുന്നത് തടഞ്ഞ ഭാര്യയെയും മർദ്ദിച്ചു. രവികുമാർ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് ആനപ്പാറ ചെറുമണലി വിവേക് ഭവനിൽ വിനോദിനെ (44) തിരെ കേസെടുത്തതായി വിതുര പൊലീസ് അറിയിച്ചു. രവികുമാറിനെയും കുടുംബത്തെയും മർദ്ദിച്ച പ്രതിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ആവശ്യപ്പെട്ടു.