പാലോട് : വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് നടന്നടുക്കുകയാണ് പാലോട് റേഞ്ച്. വന്യജീവികളെ സംരക്ഷിക്കേണ്ട വനപാലകർ തന്നെ അവയെ കൊന്നു തിന്നുന്ന സംഭവം മുതൽ വനത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന വിലമതിക്കാനാകാത്ത വൈഡൂര്യം ഖനനം ചെയ്തു കടത്തുന്ന വൻ റാക്കറ്റുകൾ വരെ പാലോട് റേഞ്ചിൽ കാലുറപ്പിച്ചിരിക്കുകയാണ്. ഇതോടെ പാലോടും ഫോറസ്റ്റ് റേഞ്ചും കുപ്രസിദ്ധിയാർജിച്ചിരിക്കുകയാണ്. മേയ് 10 ന് കേഴമാനിന് കാലിൽ മുറിവു പറ്റിയ വിവരം നാട്ടുകാർ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും അറിയിച്ചു. വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ ചെയ്തത് നാട്ടുകാരിൽ നിന്ന് കേഴമാനിനെ ചികിത്സിക്കാനായി കൊണ്ടുപോകുന്നു എന്ന തന്ത്രത്തിൽ ഏറ്റുവാങ്ങിയ ശേഷം അതിനെ കൊന്നു തിന്നുകയായിരുന്നു. വന്യജീവികളെ സംരക്ഷിക്കേണ്ട ഉദ്യേഗസ്ഥർ ഇത്തരത്തിലാണെങ്കിൽ വന്യമൃഗങ്ങളെ വേട്ടയാടുന്ന വൻ റാക്കറ്റുകളുടെ കാര്യം പറയാനുണ്ടോ? പാലോട് റേഞ്ചിൽ വന്യമൃഗവേട്ടയും അവയെ ചില ഹോട്ടലുകളിൽ വിഭവമാക്കുന്നവരും അടങ്ങുന്ന വൻ റാക്കറ്റുകൾ ഉണ്ടെന്നത് പുതിയ അറിവല്ല. മുൻപ് അത്തരക്കാരെ പിടികൂടിയിട്ടുമുണ്ട്.

പച്ച ഫോറസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് വന്യമൃഗങ്ങളുടെ ഇറച്ചി ഭക്ഷണമാക്കുന്നതും മദ്യപാന സദസ്സും സ്ഥിരം അരങ്ങേറാറുണ്ടെന്ന് നാട്ടുകാർ തന്നെ പറയുന്നു. കൂടാതെ വെമ്പ് സ്വദേശിയുടെ അതിർത്തിത്തർക്കത്തിൽ ഓഫീസിലെ ജീവനക്കാർ വാങ്ങിയ കൈക്കൂലി തിരികെ നൽകിയതും അടുത്തിടെയാണ്. ഇക്കാര്യങ്ങളിലൊക്കെ ഇവിടത്തെ താത്കാലിക ജീവനക്കാരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.കൂടാതെ പാലോട് റേഞ്ചിലെ മണച്ചാലിൽ നടന്ന വൈഡൂര്യ ഖനനത്തെക്കുറിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.

വൈഡൂര്യം തേടി

2021 ഡിസംബർ 7നാണ് മണച്ചാലിൽ വൈ‌ഡൂര്യ ഖനനം നടന്നതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്തു നിന്ന് 62 ഡിറ്റനേറ്ററുകൾ, 43 ടിൻ പശ, വലിയ ചുറ്റികകൾ, വെള്ളം വറ്റിക്കുന്നതിനായുള്ള മോട്ടോറുകൾ, കമ്പിപ്പാര, ടാർപ്പോളിൻ ഷീറ്റുകൾ എന്നിവയും കണ്ടെത്തി.മങ്കയം ചെക്ക് പോസ്റ്റിലെ പരിശോധനയും ബ്രൈമൂറിലെ ചെക്കിംഗ് പോയിന്റും കടന്നാണ് ഖനന സംഘം മണച്ചാലയിൽ എത്തിയതെങ്കിൽ വനംവകുപ്പ് ജീവനക്കാരുടെ സഹായം ഇവർക്ക് ലഭിച്ചെന്നാണ് സംശയം. ബ്രിട്ടീഷുകാർ സ്ഥാപിച്ചെന്ന് കരുതുന്ന ഒരു ശാസ്താക്ഷേത്രവും മണച്ചാലയിൽ ഉണ്ട്. ഇവിടത്തെ പൂജാരിക്ക് ബ്രൈമൂറിൽ നിന്ന് ക്ഷേത്രത്തിൽ എത്താൻ 6 കിലോമീറ്ററോളം നടക്കണം.കൂടാതെ ഇദ്ദേഹം വനംവകുപ്പിന്റെ ക്യാമ്പ് രജിസ്റ്ററിൽ ഒപ്പിട്ടശേഷം വനംവകുപ്പ് ജീവനക്കാരന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ പൂജ ചെയ്യാവൂ. ഈ സാഹചര്യത്തിലാണ് ആരും അറിയാതെ 20 ദിവസത്തോളം വനത്തിനുള്ളിൽ ഖനനം നടന്നത്. ഈ രണ്ട് കുറ്റകൃത്യങ്ങളിലും വനം വകുപ്പ് ജീവനക്കാരുടെ പങ്ക് ബോദ്ധ്യപ്പെട്ടിട്ടും സർക്കാർ യാതൊരു നടപടിയും എടുക്കാത്തതിനെ തുടർന്ന് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.