con

വെള്ളനാട്: മോദി ഭരണകൂടം നടത്തുന്നത് ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള പറഞ്ഞു. ഇ.ഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വെള്ളനാട് പോസ്റ്റ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാർ അടിസ്ഥാനത്തിൽ സൈനികരെ നിയമിക്കാനുള്ള നീക്കം ആർ.എസ്.എസ് അജൻഡ നടപ്പിലാക്കാനുള്ള ആസൂത്രിത നീക്കമാണെന്നും നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യംചെയ്യുന്നവർ സ്വർണക്കടത്ത് കേസിൽ പിണറായിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കണമെന്നും കൃഷ്ണപിള്ള പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.ആർ. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ്, ജനറൽ സെക്രട്ടറി സി. ജ്യോതിഷ്‌കുമാർ, കുറ്റിച്ചൽ വേലപ്പൻ, വെളളനാട് ശ്രീകണ്ഠൻ, പി. കമല രാജ്, എസ്. ഇന്ദുലേഖ, കെ.എസ്. രാജലക്ഷ്മി, എസ്.വി. ഗോപകുമാർ, സത്യദാസ്, ടി. സുനിൽകുമാർ, അനിൽകുമാർ, ജെ. ശോഭന ദാസ്, സുകുമാരൻ നായർ, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.