
തിരുവനന്തപുരം: പത്തുവയസിൽ തുടങ്ങി, അമ്പത്തിനാലാം വയസിലും തുടർന്ന്, മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യുന്ന യോഗാഭ്യാസം സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി എം.എസ്. ചിത്രയ്ക്ക് പാരമ്പര്യമായി കൈവന്നതാണ്. യോഗാചാര്യനായിരുന്ന സ്വാമി പൂജപ്പുര മാധവൻപിള്ളയുടെ ചെറുമകളാണ് ചിത്ര. അച്ഛൻ എ. മാധവൻ നായരാണ് ചിത്രയെയും മറ്റ് നാല് മക്കളെയും യോഗ പരിശീലിപ്പിച്ചത്. സൂര്യനമസ്‌കാരവും പ്രാണായാമവുമാണ് അഭ്യസിച്ചിരുന്നത്.
ചിത്രയുടെ പ്രഭാതം യോഗയോടെ തുടങ്ങും. രാവിലെ അരമണിക്കൂർ. ഓഫീസിലെയും ജീവിതത്തിലെയും പ്രതിസന്ധികൾ മറികടക്കാൻ തനിക്ക് കരുത്തായത് യോഗയാണെന്ന് ഐസിഫോസിൽ ഡെപ്യൂട്ടേഷനിൽ രജിസ്ട്രാറായ ചിത്ര സാക്ഷ്യപ്പെടുത്തുന്നു.
1998ലാണ് ചിത്ര സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റായത്. പൊതുവിദ്യാഭ്യാസവകുപ്പിലായിരുന്നപ്പോഴാണ് യോഗ പരിശീലിപ്പിക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെടുന്നത്. തുടർന്ന് 2012ൽ സെക്രട്ടേറിയറ്റ് അനക്‌സിൽ ഉച്ചഭക്ഷണ സമയത്ത് അരമണിക്കൂർ പരിശീലനം തുടങ്ങി. മംഗലപുരം ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ജീവനക്കാരെയും യോഗ പരിശീലിപ്പിക്കുന്നുണ്ട്. ഡി.ജി.പി ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ജൂനിയർ സൂപ്രണ്ടായി വിരമിച്ച ഭർത്താവ് കെ. സുരേഷ്‌കുമാറും ആയുർവേദത്തിൽ എം.ഡി ചെയ്യുന്ന മകൻ ഡോ. അനന്തകൃഷ്‌ണനും പിന്തുണയുമായി ഒപ്പമുണ്ട്.
യോഗയിൽ എം.എസ്‌സി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ നിന്ന് യോഗയിൽ ഡിപ്ളോമയും തമിഴ്നാട്ടിലെ ഫിസിക്കൽ എഡ്യൂക്കേഷൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്‌സിയും നേടി. 2019ൽ സ്ട്രെസ് മാനേജ്മെന്റ് ത്രൂ പ്രാണായാമ ആൻഡ് മെഡിറ്റേഷൻ എന്ന വിഷയത്തിൽ യു.എന്നിൽ പ്രബന്ധവും അവതരിപ്പിച്ചു. തുടർന്ന് യു.എൻ യോഗ അംബാസഡർ പദവിയും നൽകി. ഹാർവാർഡ്, കൊളംബിയ യൂണിവേഴ്സിറ്റികളിലും പ്രബന്ധമവതരിപ്പിച്ചു.
'വ്യായാമം യോഗയുടെ ഭാഗം മാത്രമാണ്. ടെൻഷൻ കുറയ്ക്കാനും ദേഷ്യം നിയന്ത്രിക്കാനും യോഗ സഹായിക്കും".
- എം.എസ്. ചിത്ര