1

തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പരോളിൽ ഇറങ്ങി ഒളിവിൽക്കഴിഞ്ഞ കൊലക്കേസ് പ്രതിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തു. ഉള്ളൂർ ഗാർഡൻസ് ഇന്തുഷിൽ മൊട്ട വിപിൻ എന്ന വിപിൻ(34)ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 12 മുതൽ 19 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയ വിപിൻ തിരികെ ജയിലിൽ പ്രവേശിക്കാനുള്ള തീയതി കഴിഞ്ഞിട്ടും ഒളിവിൽ പോകുകയായിരുന്നു. 2008 ൽ നാലാഞ്ചിറ പനയപ്പള്ളി ജയ നിവാസിൽ ജയകുമാറിനെ കുത്തിക്കൊലപ്പെടുത്തിയതിന് തിരുവനന്തപുരം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (നാല്) വിപിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന്റെ പിടിയിലായത്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി.ഹരിലാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രശാന്ത് സി.പി , അസി. സബ് ഇൻസ്പെക്ടർ സാബുകുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, പ്രസാദ്,സിവിൽ പൊലീസ് ഓഫീസർമാരായ ബിമൽ മിത്ര, ബിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ സെൻട്രൽ ജയിലിൽ ഹാജരാക്കി.