photo

നെടുമങ്ങാട് :അരുവിക്കര ജലഅതോറിട്ടി അതിർ നിർണ്ണയത്തിന്റെ ഭാഗമായി സർവ്വേക്കല്ല് നാട്ടിയതോടെ കുടിയൊഴിപ്പിക്കുമെന്ന ആശങ്കയിൽ സമീപവാസികളായ കുടുംബങ്ങൾ. നാല് പതിറ്റാണ്ടിലേറെയായി തലമുറകളായി താമസിക്കുന്ന ഇവിടെനിന്നും കുടിയൊഴിപ്പിക്കുമെന്ന ഭീതിയിലാണ് അരുവിക്കര ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്തെ കുടുംബങ്ങൾ. ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് അധികൃതർ നടത്തിയ സർവേയ്ക്ക് ശേഷം ഭൂമിയുടെ അതിർവരമ്പ് തിട്ടപ്പെടുത്തി വസ്തുക്കൾ ഏറ്റെടുക്കലിനു മുന്നോടിയായി അരുവിക്കര ഡാമിനു സമീപത്ത് വാട്ടർ അതോറിട്ടി സർവ്വേകുറ്റികൾ സ്ഥാപിച്ചു തുടങ്ങി. കൂവക്കുടി മുതൽ കാഞ്ചിക്കവിള വരെ ഏകദേശം 12 കിലോമീറ്റർ ചുറ്റളവിലുള്ള ജനസാന്ദ്രതയേറിയ പ്രദേശത്താണ് സർവ്വേകുറ്റികൾ നിരന്നുതുടങ്ങിയത്. കുടിയിറക്കപ്പെടൽ ഭീഷണിയിലായ കുടുംബങ്ങളിൽ ഭൂരിഭാഗം പേർക്കും അവർ വസിക്കുന്ന സ്ഥലങ്ങൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച പ്രമാണവും വർഷങ്ങളായി കരംതീരുവ ഒടുക്കുന്ന രസീതും കൈവശമുള്ളവരാണ്.

പരാതികൾ ഏറെ

കാലാകാലങ്ങളിൽ വരുന്ന ത്രിതല പഞ്ചായത്ത് ഭരണസമിതികൾ കെട്ടിടനിർമ്മാണ അനുമതിയും ഇവർക്ക് നൽകിയിട്ടുണ്ട്. കൂടാതെ വൈദ്യുതി, ജലം, എന്നിവയുടെ കണക്ഷനുകളും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ആനുകൂല്യങ്ങൾ പ്രദേശവാസികൾക്ക് ലഭിച്ചിട്ടുമുണ്ട്. പഞ്ചായത്തിന്റെയും ജലഅതോറിട്ടിയുടെയും നിർദ്ദേശമനുസരിച്ച് റിസർവ്വോയറിൽ നിന്നും 10 മീറ്റർ മാറിയാണ് പ്രദേശത്തെ നൂറോളം വീടുകൾ നിർമ്മിച്ചിട്ടുള്ളത്. പത്തുമീറ്റർപരിധി നിശ്ചയിച്ച ജലഅതോറിട്ടി എട്ട് മീറ്റർ അധികമായി ഏറ്റെടുത്തുകൊണ്ടാണ് സർവ്വേക്കല്ലുകൾ സ്ഥാപിച്ചതെന്നാണ് ആക്ഷേപം.

കരമൊടുക്കിയ രേഖയുണ്ട്, എന്നിട്ടും...

ജലഅതോറിട്ടിയുടെ ബൗണ്‍ട്രികൾ തിരിച്ച് നിലവിൽ പച്ചനെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അവിടെനിന്നും ഏകദേശം 8 മീറ്റർ മാറിയാണ് കുറ്റികൾ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്.

ജലഅതോറിട്ടിയുടെ വസ്തുവിന്റെ അതിർ നിർണ്ണയിക്കുന്നതിന്റെ ഭാഗമായി സർവ്വേ ചെയ്തുകിട്ടുന്ന പോയിന്റുകളിൽ മാത്രമാണ് കല്ല് ഇടുന്നത്. നിലവിൽ കൈയേറിയെന്ന് വാട്ടർ അതോറിട്ടി പറയുന്ന വസ്തുക്കൾക്ക് അരുവിക്കര വില്ലേജിൽ തങ്ങൾ വർഷങ്ങളായി കരമൊടുക്കി വരികയാണെന്ന് നാട്ടുകാർ വ്യക്തമാക്കി.