medical-college

തിരുവനന്തപുരം: തകരാറിലായ അവയവങ്ങൾ മാറ്റിവച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് ആയിരങ്ങൾ കാത്തിരിക്കുമ്പോഴാണ് ദാനം കിട്ടിയ വൃക്ക പ്രയോജനപ്പെടുത്തുന്നതിൽ തിരുവനന്തപുരം മെഡിക്കൽ കാേളേജിൽ വൻവീഴ്ച സംഭവിച്ചത്.

വൃക്ക മാറ്റിവയ്ക്കാൻ വേണ്ടി മാത്രം സംസ്ഥാനത്ത് 2218 പേരാണ് ഡയാലിസിസ് നടത്തി ഓരോ ദിവസവും തള്ളിനീക്കുന്നത്. 2012 മുതൽ കാത്തിരിക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്.

മേഖല തിരിച്ചാണ് മൃതസഞ്ജീവനിയിലെ രജിസ്ട്രേഷൻ. 764പേരാണ് തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകൾ ഉൾപ്പെട്ട സൗത്ത് സോണിൽ കാത്തിരിക്കുന്നത്.

എറണാകുളം,കോട്ടയം,ഇടുക്കി, തൃശൂർ ജില്ലകൾ ഉൾപ്പെട്ട സെൻട്രൽ സോണിൽ 741പേരുണ്ട്. നോർത്ത് സോണായ പാലക്കാട്,കോഴിക്കോട്, മലപ്പുറം,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലായി 713പേരും കാത്തിരിക്കുന്നു.

ജീവിച്ചിരിക്കുന്നവർ തമ്മിൽ അവയവദാനം നടത്താൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും അവർ തമ്മിൽ രക്തബന്ധം ഉണ്ടായിരിക്കണം. എന്നാൽ, മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങൾ അനുയോജ്യമായ ആർക്കുവേണമെങ്കിലും സ്വീകരിക്കാം. അതുകൊണ്ടാണ് മൃത‌സഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് ആയിരങ്ങൾ കാത്തിരിക്കുന്നത്.

സർക്കാർ മെഡിക്കൽ കോളേജുകളിലൂടെയും അവയവം മാറ്റിവയ്ക്കലിന് സർക്കാർ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളിലുടെയുമാണ് രജിസ്റ്റർ ചെയ്യുന്നത്.

വൃക്കയ്ക്കായി കാത്തിരിക്കുന്നവർ (ബ്ലഡ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ)

 O-ഗ്രൂപ്പ്......................... 1018

 A-ഗ്രൂപ്പ്........................... 540

 B-ഗ്രൂപ്പ്........................... 517

 AB-ഗ്രൂപ്പ്........................ 143