1

വിഴിഞ്ഞം: വിനോദസഞ്ചാരതീരത്ത് 6 മാസം മുൻപ് അറ്റകുറ്റപ്പണി നടത്തിയ നടപ്പാതയുടെ അടിഭാഗം വീണ്ടും തകർന്നു.
പുറമെ കാണാൻ കഴിയാത്തതിനാൽ ഇതിനു മുകളിലൂടെ നടക്കുന്നത് അപകടകരമാണ്. ഇതറിയാതെ എത്തുന്ന സഞ്ചാരികൾ അപകടത്തിൽപ്പെടാനും സാദ്ധ്യത ഏറെയാണ്.

ഹവ്വാ ബീച്ചിലെ നടപ്പാതയിലാണ് നിരവധി സ്ഥലത്ത് കഴിഞ്ഞ ദിവസത്തെ തിരയടിയിൽ നടപ്പാതയുടെ അടിഭാഗത്തെ കരിങ്കൽ കെട്ട് തകർന്നത്. കഴിഞ്ഞ വർഷത്തെ തിരയടിയിൽ ഈ ഭാഗം തകർന്നിരുന്നു. ഇവിടം സന്ദർശിച്ച വകുപ്പു മന്ത്രിയുടെ നിർദേശാനുസരണമായിരുന്നു 6 മാസം മുൻപ് 44 ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയത്. കരിങ്കല്ല് കെട്ടിനു മുകളിൽ ടൈൽ പാകി. ഇതാണ് കഴിഞ്ഞ ദിവസം വീണ്ടും തകർന്നത്. വേണ്ടത്ര പരിശോധയില്ലാതെയും എൻജിനിയറുടെ റിപ്പോർട്ട് ഇല്ലാതെയുമാണ് നിർമ്മാണം നടത്തിയതെന്നാണ് ആക്ഷേപം. അടിഭാഗത്ത് തിരയടിച്ച് കരിങ്കല്ലുകൾ ഒലിച്ചുപോയ നിലയിലാണ്. അടുത്ത സീസണിന് മുൻപ് ഇത് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ തീരം നശിക്കും. തിരയിൽ കൂടുതൽ ഭാഗം തകരും. ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിൽ എല്ലാ ബീച്ചുകളിലും സഞ്ചാരികളുടെ വൻ തിരക്കാണ്. വിദേശികൾ കുറവാണെങ്കിലും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ധാരാളം എത്തുന്നുണ്ട്.

ഹാർബർ എൻജിനിയറിംഗ് വിഭാഗം സമർപ്പിച്ച എല്ലാ പദ്ധതികളും ഉപേക്ഷിച്ചതായാണ് സൂചന. പകരം ടൂറിസം വികസനം കിഫ്ബി ഫണ്ട് വഴിയാക്കാനാണ് നീക്കം. കോവളം തീരത്തെ തിരയടി പ്രതിരോധിക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ പഠന റിപ്പോർട്ടു നടത്തി ആവിഷ്കരിച്ച വൻപദ്ധതികളാണ് ഉപേക്ഷിച്ചത്. ഇതുൾപ്പെടെ തീരത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പല പദ്ധതികളുടെ പേരിലും കൺസൾട്ടൻസി ഏജൻസികൾക്ക് മാത്രമാണ് നേട്ടമെന്നും ആക്ഷേപമുയരുന്നു. തിരയടി പ്രതിരോധിക്കാൻ ശാശ്വത പദ്ധതി എന്ന നിലയ്ക്ക് മാസങ്ങൾ എടുത്താണ് ഹാർബർ എൻജിനിയറിംഗ് വകുപ്പ് പഠന റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്. ഇതിനായി ലക്ഷങ്ങളും ചെലവിട്ടു.

ഈയിടെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഹാർബർ എൻജിനിയറിംഗ് വകുപ്പും കിഫ്ബിയും സമർപ്പിച്ചത് ഒരേ റിപ്പോർട്ട് എന്ന നിലക്ക് കിഫ്ബിയുടെ പദ്ധതി നടപ്പാക്കാനാണ് നിർദേശമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഇതോടെ കോവളത്തെ വികസന പദ്ധതികൾ വെറും പ്രഖ്യാപനത്തിലെന്ന് ആക്ഷേപമുയർന്നു.