
വെമ്പായം: വായനദിനത്തിൽ മുതിർന്ന വായനക്കാർക്ക് പെൻഷൻ നൽകി ഫീനിക്സ് ഗ്രന്ഥശാല. നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള തെള്ളിക്കച്ചാൽ ഫീനിക്സ് ഗ്രന്ഥശാലയാണ് സംസ്ഥാനത്ത് ആദ്യമായി മുതിർന്ന വായനക്കാർക്ക് വായനാ പെൻഷൻ നൽകിയത്.പദ്ധതിയുടെ വിതരണോദ്ഘാടനം കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് എസ്.ആർ ലാൽ,ഗംഗാധരൻ നായർക്ക് പെൻഷൻ്റെ ആദ്യ ഗഡു നൽകിയാണ് നിർവഹിച്ചത്.70 വയസ് തികഞ്ഞ വായനക്കാർക്ക് പ്രായാവശതയുടെ പേരിൽ വായന മുടങ്ങരുത് എന്ന ലക്ഷ്യമാണ് പെൻഷൻ പദ്ധതിക്ക് പിന്നിലെന്ന് ഗ്രന്ഥശാല പ്രവർത്തകർ അറിയിച്ചു.പ്രതിവർഷം 1500 രൂപയാണ് നിലവിൽ നൽകുന്നത്. ഗ്രന്ഥശാലാ പ്രസിഡൻ്റ് ബി.ശ്രീകണ്ഠൻ അദ്ധ്യക്ഷനായി.നാടകകൃത്ത്, സംവിധായകനുമായ ശശികുമാർ സിതാര വായനാപക്ഷാചരണവും ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി രാജേഷ് എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയികളെ അനുമോദിച്ചു. മുത്തിപ്പാറ വാർഡ് മെമ്പർ ശുഭ,ഗ്രന്ഥശാല സെക്രട്ടറി കെ.എസ് മനോജ് ലൈബ്രേറിയൻ രതീഷ് തെള്ളിക്കച്ചാൽ തുടങ്ങിയവർ സംസാരിച്ചു. നാടൊന്നാകെ അക്ഷരദീപം തെളിയിച്ചാണ് പരിപാടികൾ അവസാനിപ്പിച്ചത്.