
ആറ്റിങ്ങൽ: പാരമ്പര്യ വിദ്യാരംഭ രീതിയായ മണലെഴുത്തിലൂടെ എഴുത്തും വായനയും തിരിച്ചു പിടിക്കാനുള്ള ആറ്റിങ്ങൽ മലയാള ശാലയുടെ ശ്രമം ശ്രദ്ധേയമായി.വായനാ ദിനാചരണത്തിന്റെ ഭാഗമായി പിള്ളയാർകുളം ഗവ. യു.പി.എസ്സിലാണ് മണലെഴുത്ത് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികൾ ആവേശത്തോടെയാണ് ചടങ്ങിൽ പങ്കെടുത്തത്. സാഹിത്യകാരൻ വർക്കല ഗോപാലകൃഷ്ണൻ കുട്ടികളുടെ വിലൽ പിടിച്ച് മണലിൽ അക്ഷരങ്ങൾ എഴുതിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.മലയാള ശാല പ്രസിഡന്റ് സുരേഷ് കൊളാഷ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തുതല വായനാ മാസാചരണം കവി വിജയൻ പാലാഴി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ബിനു വേലായുധൻ വായനാദിന സന്ദേശം നൽകി. സ്കൂൾ വിദ്യാർത്ഥി ആദിത്യ വായനാ ദിന പ്രതിജ്ഞ ചൊല്ലി. കവികളായ കായിക്കര അശോകൻ, ആറ്റിങ്ങൽ ഗോപൻ, ഗായിക അശ്വതി, ഹെഡ്മാസ്റ്റർ ഹരിലാൽ, സ്റ്റാഫ് സെക്രട്ടറി ചിത്രജ എന്നിവർ സംസാരിച്ചു. സ്കൂളിൽ നടന്ന മത്സരങ്ങളിലെ വിജയികൾക്കും സ്കൂൾ ലൈബ്രറിക്കും പുസ്തകങ്ങൾ മലയാളശാല സമ്മാനിച്ചു. ഓണപ്പാട്ടുമുണ്ടായിരുന്നു.