ll

വർക്കല: ആലപ്പുഴ പുന്നമടക്കായലിൽ പുരവള്ളത്തിൽനിന്ന് കാൽവഴുതി വീണ് മരിച്ച വർക്കല പേരേറ്റിൽ ത്രിവേണിയിൽ പ്രദീപ് ബി. നായരുടെ (46) വേർപാട് പേരേറ്റിൽ ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി. ചെങ്ങന്നൂർ ഐ.ടി.ഐയിലെ ഹെഡ് ക്ലാർക്കാണ് ബി. പ്രദീപ് നായർ. ഞായറാഴ്ച രാത്രി 9.30ഓടെ ആലപ്പുഴ പുന്നമടക്കായലിൽ തോട്ടതോട് ഭാഗത്താണ് അപകടമുണ്ടായത്.

ഞായറാഴ്ച രാവിലെ 11ഓടെ സുഹൃത്തുക്കൾക്കൊപ്പമാണ് പ്രദീപ് പുരവഞ്ചി സഞ്ചാരത്തിനായി പുറപ്പെട്ടത്. യാത്ര കഴിഞ്ഞ് ഒപ്പമുണ്ടായിരുന്ന ഏഴുപേർ വൈകിട്ടോടെ തിരികെപ്പോയെങ്കിലും പ്രദീപ് ഉൾപ്പെടെ അഞ്ചുപേർ പുര വഞ്ചിയിൽ തങ്ങി. സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ പുര വഞ്ചിയിൽ നിന്ന് കാൽ വഴുതി പ്രദീപ് വീഴുകയായിരുന്നു. ജീവനക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കായലിൽ താണുപോയി. ഫയർഫോഴ്സ് ജീവനക്കാർ രാത്രി ഏറെവൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഫലംകണ്ടില്ല. തുടർന്ന് സ്‌കൂബ സംഘം ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ നോർത്ത് പൊലീസും ടൂറിസം പൊലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് രാവിലെ 10ഓടെ സംസ്‌കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും.

പ്രദീപ് ഐ.ടി.ഐ വകുപ്പിൽ സർവീസിൽ പ്രവേശിച്ചിട്ട് 17 വർഷമായി. പാലക്കാട്ട് എൽ.ഡി ക്ലാർക്കായിട്ടായിരുന്നു ആദ്യ നിയമനം. അഞ്ചുവർഷത്തോളം പാലക്കാട് ജോലി ചെയ്യുന്നതിനിടെ യു.ഡി. ക്ലാർക്കായി പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് കഴക്കൂട്ടത്ത്‌ ജോലി ചെയ്തു. ഒരു വർഷം മുമ്പാണ് ട്രാൻസ്‌ഫറായി ചെങ്ങന്നൂരിലെത്തിയത്.

ഐ.ടി.ഐ വകുപ്പ് തിരുവനന്തപുരം ഡയറക്ടറേറ്റിൽ ജോലി ചെയ്തിട്ടുള്ള പ്രദീപ് സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവനായിരുന്നു. സൗമ്യ പ്രകൃതക്കാരനായ പ്രദീപ് വർക്കല പേരേറ്റിൽ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാലയിലെ സജീവ പ്രവർത്തനത്തിൽ പങ്കെടുത്തിട്ടുണ്ട്. കർഷകൻ കൂടിയായ പ്രദീപ് ശ്രീനാരായണപുരം ഏലായിലെ തരിശുനിലങ്ങൾ ഏറ്റെടുത്തു കൃഷിയിറക്കുന്ന കൂട്ടായ്‌മയിലെ പ്രധാന അംഗം കൂടിയായിരുന്നു. കർഷകരെ സഹായിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന പ്രദീപിന്റെ വേർപാടിന്റെ ഞെട്ടലിലാണ് പേരേറ്റിൽ ഗ്രാമവാസികൾ. ബാലകൃഷ്ണൻ നായർ - ഇന്ദിരഅമ്മ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തതാണ് പ്രദീപ് . ഭാര്യ: സിന്ധു, മകൾ: പ്രതീപ്ത, സഹോദരി: പ്രീത ബി നായർ.