
തിരുവനന്തപുരം: കോൺഗ്രസിനെ തകർത്ത് രാജ്യത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കള്ളക്കേസെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.
വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ പുളിമൂട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ.അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് യുവാക്കളുടെ രോഷാഗ്നി ആളിപ്പടരുകയാണ്. അത് മുഖവിലയ്ക്കെടുക്കാനും പദ്ധതിയിൽ നിന്ന് പിന്മാറാനും കേന്ദ്ര സർക്കാർ തയ്യാറാകാത്തത് രാജ്യത്തിന്റെ സൈന്യത്തെ സംഘപരിവാറിന്റെ പിടിയിലൊതുക്കാനുള്ള രഹസ്യ അജൻഡയുടെ ഭാഗമാണെന്നും ഹസൻ പറഞ്ഞു.വി.എസ്. ശിവകുമാർ, ടി. ശരത്ചന്ദ്ര പ്രസാദ്, പി.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എം.എ. പത്മകുമാർ, സേവ്യർ ലോപ്പസ്, നിസാം തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.