vld-1

വെള്ളറട: അവയവമാറ്റ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച കാരക്കോണം അണിമംഗലത്ത് ജി. സുരേഷ് കുമാറിന്റെ (62) മരണം പ്രദേശവാസികൾക്ക് ഞെട്ടലും വേദനയുമായി. വൃക്ക വാഗ്ദാനം ചെയ്‌ത് മെഡിക്കൽ കോളേജിൽ നിന്ന് ഫോൺ സന്ദേശമെത്തുമ്പോൾ ഏറെ സന്തോഷത്തോടെയാണ് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടത്.

റിട്ട.ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്‌പെക്ടറായിരുന്ന ജി. സുരേഷ് കുമാർ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രവർത്തകനും പൊതുപ്രവർത്തകനുമായിരുന്നു. എസ്.എൻ.ഡി.പി യോഗം കാരക്കോണം ശാഖയുടെ ദീർഘകാല സെക്രട്ടറിയായിരുന്ന സുരേഷ്‌കുമാർ ശാഖ പുതിയതായി നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ കമ്മിറ്റി അംഗവുമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ശാഖയുടെ പുരോഗതിക്കുവേണ്ടി മുഴുവൻ സമയം പ്രവർത്തകനായി.

വൃക്കസംബന്ധമായ അസുഖം വന്നതോടെയാണ് ശാഖാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയത്. എന്നാൽ ശ്രീനാരായണ പ്രവർത്തനങ്ങളിൽ അപ്പോഴും സജീവമായിരുന്നു. മെഡിക്കൽ കോളേജ് അധികൃതരുടെ അനസാഥയ്ക്കെതിരെ കുടുംബാംഗങ്ങൾ നിയമ നടപടിയിലേക്ക് നീങ്ങും. മെഡിക്കൽ കോളേജ് പൊലീസിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ഭാര്യ: ബിന്ദു, മക്കൾ: അപർണ, അഞ്ജന മരുമക്കൾ: അച്ചു, ഗൗരിശങ്കർ.

പിഴവുണ്ടെങ്കിൽ നിയമനടപടിയുമായി

മുന്നോട്ടെന്ന് ബന്ധുക്കൾ

പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വീഴ്ച സംഭവിച്ചോയെന്ന് വ്യക്തമാകൂ. പിഴവുണ്ടെന്ന് കണ്ടെത്തിയാൽ നിയമ നടപടികളുമായി മുന്നോട്ടുപോകും. സുരേഷിന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും അഞ്ചുവർഷമായി കാത്തിരിക്കുന്നതിനാൽ ‌‌ശസ്ത്രക്രിയയ്‌ക്ക് കുടുംബാംഗങ്ങൾ സമ്മതിക്കുകയായിരുന്നു.

-അനി ( മരിച്ച സുരേഷിന്റെ ബന്ധു )