
ബാലരാമപുരം:എഴുപത്തഞ്ചാം വയസിലും വായനയിൽ മുഴുകുന്ന കരീം സാറിനെ കാണാൻ നേമം യു.പി.എസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമെത്തി.വെള്ളായണി ജംഗ്ഷനിലെ ലൈലാ മൻസിലിലെത്തിയാണ് ഡോ.എം.എ.കരീമിനെ സ്കൂൾ അധികൃതർ വായനാദിനത്തിൽ ആദരിച്ചത്.ഒരാഴ്ച്ച നീളുന്ന വായനോത്സവവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ലക്ചററായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം കേരള സർവകലാശാല പബ്ലിക്കേഷൻ ഒാഫീസർ,അസിസ്റ്റന്റ് ഡയറക്ടർ,അഡീഷണൽ ഡയറക്ടർ,പബ്ലിക് റിലേഷൻസ് ഒാഫീസർ തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിച്ചു.വിരമിച്ച് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും സാംസ്കാരിക രംഗത്തും പുസ്തക രചനയിലും കർമ്മനിരതനാണ് ഡോ.എം.എ. കരീം.എല്ലാവർക്കും പുസ്തകങ്ങൾ നൽകിയാണ് അദ്ദേഹം വരവേറ്റത്.എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. വായന പ്രോത്സാഹിപിക്കാൻ നേമം ഗവ.യു.പിസ്കൂളിൽ നടപ്പിലാക്കുന്ന പുസ്തകച്ചുവരിലേക്ക് ഇരുനൂറിലേറെ പുസ്തകങ്ങൾ സമ്മാനിച്ചു.പ്രഥമാദ്ധ്യാപകൻ എം.എസ്. മൻസൂർ,സീനിയർ അദ്ധ്യാപിക എം.ആർ.സൗമ്യ, അദ്ധ്യാപകരായ സ്മിത,ബിന്ദുപോൾ , അശ്വതി,അനൂപ,രക്ഷാകർതൃസമിതി ഭാരവാഹികൾ എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.