plus-two

തിരുവനന്തപുരം: പ്ളസ് ടു, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ച ശേഷം മന്ത്രി വി.ശിവൻകുട്ടി നേരെ പോയത് കോട്ടൺഹിൽ ഗവ.എച്ച്.എസ്.എസിലെ കുട്ടികളെ കാണാനാണ്. ഫുൾ എ പ്ളസ് വാങ്ങിയ കുട്ടികൾ സന്തോഷം പങ്കിടാൻ സ്കൂളിൽ എത്തുമ്പോഴാണ് തങ്ങളെ കാണാൻ വിദ്യാഭ്യാസ മന്ത്രി എത്തിയതറിഞ്ഞത്. ചിലർ കാൽ തൊട്ട് വണങ്ങിയപ്പോൾ മറ്റു ചിലരുടെ മുഖത്ത് അമ്പരപ്പായിരുന്നു. വന്നവർക്കെല്ലാം മന്ത്രി മധുരം വിളമ്പി അഭിനന്ദിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഫാമില.ഇ.ആർ, എസ്.എം.സി ചെയർമാൻ ആർ.പ്രദീപ് കുമാർ,പ്രിൻസിപ്പൽ എച്ച്.എം വിൻസെന്റ് എ, അഡീഷണൽ എച്ച്.എം വി.രാജേഷ് ബാബു,ജനറൽ സ്റ്റാഫ് സെക്രട്ടറി ജീന,ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി വിനുകുമാരൻ നായർ തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.വിജയികളെ അനുമോദിക്കുന്നതിനൊപ്പം ഹൈസ്കൂൾ വിഭാഗം കുട്ടികളോട് കുശലം ചോദിച്ച് സ്കൂളിലെ സ്ഥിതിഗതികളും വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്. 551 കുട്ടികൾ പ്ളസ് ടു പരീക്ഷ എഴുതിയതിൽ 495 പേരും വിജയിച്ചിരുന്നു. 90 ശതമാനമാണ് സ്കൂളിലെ വിജയം.