ആര്യനാട്: വളർത്തുനായയുടെ കടിയേറ്റ് ഗവ.ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി ഡോക്ടറുടെ കുറുപ്പടിയുമായി ഇൻജക്ഷനായി അലഞ്ഞത് മൂന്ന് ദിവസം. ആര്യനാട് കൊക്കോട്ടേല സ്വദേശി അജിത് കുമാറാണ് (48) ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ നിർദ്ദേശിച്ച ഇൻജക്ഷൻ കിട്ടാനായി ആശുപത്രിയിൽ മൂന്ന് ദിവസം അലഞ്ഞത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് വളർത്തുനായ അജിത് കുമാറിന്റെ കൈക്ക് കടിച്ചത്. തുടർന്ന് ഭാര്യയുമായി ആര്യനാട് ആശുപത്രിയിലെത്തി. ഡോക്ടർ ഐ.ഡി.ആർ.വി ഇൻജക്ഷനും മരുന്നുകൾക്കുമായി കുറുപ്പടി നൽകി.ഇതുമായി നേരെ ആശുപത്രിയിലെ ഇൻജക്ഷൻ നൽകുന്ന മുറിയിലേക്ക് പോയി.കുറുപ്പടി പരിശോധിച്ചശേഷം നഴ്സ് അടുത്ത ദിവസം വരാൻ പറഞ്ഞയച്ചു.

ഒരു ബോട്ടിൽ പൊട്ടിച്ചാൽ നാല് പേർക്ക് കുത്തിവയ്പ്പ് നൽകണമെന്നും അല്ലെങ്കിൽ മരുന്ന് കേടാകുമെന്നും പറഞ്ഞാണ് അജിത്തിനെ മടക്കിയയച്ചത്.

തുടർന്ന് അജിത് ഞായറാഴ്ച വീണ്ടും ആര്യനാട് സർക്കാർ ആശുപത്രിയിലെത്തി.തലേദിവസം നഴ്സ് പറഞ്ഞത് തന്നെ ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നവരും പറഞ്ഞു. അവധിയായതിനാലും തിരക്ക് കുറവായതിനാലും അജിത് വീണ്ടും മടങ്ങിപോയി. തുടർന്ന് തിങ്കളാഴ്ച വന്നപ്പോഴും തലേദിവസങ്ങളിലെ മറുപടി തന്നെ തുടർന്നതായി അജിത് പറഞ്ഞു. തുടർന്ന് കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പള്ളി ഗവ.ആശുപത്രിയിൽ എത്തിയാണ് അജിത് കുമാർ ഇൻജക്ഷൻ എടുത്തത്.