
പാലോട്: ആദിവാസി മേഖലയിലെ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാനും തിരികെ വീടിലെത്തിക്കാനുമായി സർക്കാർ നടപ്പിലാക്കിയ ഗോത്ര സാരഥി പദ്ധതി ഇതുവരെയും നടപ്പിലാക്കാൻ കഴിയാത്തതിനെ തുടർന്ന് പോട്ടോമാവ് ആദിവാസി ഊരിലെ കുട്ടികൾ പഠനം നിറുത്തി. പോട്ടോമാവ്, ഞാറനീലി, മങ്കയം, വിട്ടിക്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ വനപാതയിലൂടെ കിലോമീറ്ററുകൾ കാൽനടയായി നടന്നു വേണം സ്കൂളിലെത്താൻ.
വന്യമൃഗശല്യം പകലും രാത്രിയും ഒരു പോലെ രൂക്ഷമായ പ്രദേശമാണിത്. പോട്ടോമാവിൽ നിന്ന് നാല് കിലോ മീറ്ററോളം നടന്ന് അരിപ്പയിലെത്തി വീണ്ടും ബസിൽ കയറി വേണം മടത്തറയിലെ സ്കൂളിലെത്താൻ. മുപ്പതോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ആദിവാസി ഊരിൽ മൊബൈൽ റെയ്ഞ്ച് ലഭ്യമല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസവും ഇല്ല. ആകെയുള്ള ഒരു ഏകാദ്ധ്യാപക സ്കൂളും താഴിട്ട് പൂട്ടി. സ്കൂൾ തുറന്ന് ഒരു മാസം ആകാറായിട്ടും ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
മഴക്കാലം ആയതോടെ ആന മുതൽ പന്നി വരെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം ഇരട്ടിയായി. കഴിഞ്ഞ വർഷം ഗോത്ര സാരഥി പദ്ധതിയിൽ ഓടിയ വാഹനങ്ങൾക്ക് വാടക നൽകാൻ ഇതുവരെ കഴിയാത്തതും പ്രതിസന്ധി വർദ്ധിപ്പിച്ചിട്ടുണ്ട്. ആദിവാസി ക്ഷേമത്തിനായി എസ്.ടി പ്രമോട്ടർമാരെ നിയമിച്ചുവെങ്കിലും ഇവരുടെ ഭാഗത്ത് നിന്നുള്ള ഇടപെടൽ യഥാസമയം ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.