
സിനിമകളിൽ അഭിനയിക്കുന്നത് എന്നിലെ സംവിധായകനെ സഹായിച്ചിട്ടുണ്ട്. ഒരുപാട് സംവിധായകരുടെ സംവിധാനശൈലി നോക്കി കാണാൻ കഴിയുന്നത് നടൻ എന്ന ഇടം ലഭിച്ചതുകൊണ്ടാണ്
കോയമ്പത്തൂരിൽ 'തങ്കം" സിനിമയുടെ ലൊക്കേഷൻ. ഇവിടെ ദിലീഷ് പോത്തൻ സംവിധായകനും നടനുമല്ല. ദിലീഷ് പോത്തൻ കൂടി നിർമ്മാണ പങ്കാളിയായ ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിലാണ് തങ്കം ഒരുങ്ങുന്നത്. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ വിലാസത്തിലെല്ലാം ദിലീഷ് പോത്തന് തങ്കത്തിളക്കം.ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലൂടെ ദേശീയ അംഗീകാരം. ഇപ്പോൾ ജോജി എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരത്തിളക്കം.ദിലീഷ് പോത്തൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രകാശൻ പറക്കട്ടെ തിയേറ്ററിലുണ്ട്.രഞ്ജൻ പ്രമോദിന്റെ സിനിമയിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയിലെ വിജയയാത്രയുടെ പുതിയ വിശേഷങ്ങൾ ദിലീഷ് പോത്തൻ കേരളകൗമുദിയോട് പങ്കുവയ്ക്കുന്നു.
മികച്ച സംവിധായകനുള്ള അവാർഡിനു മുൻപും ശേഷവും എങ്ങനെയുണ്ട് ?
രണ്ടും ഒരേപോലെ തന്നെ കാണുന്നു. അവാർഡ് പ്രചോദനവും പ്രോത്സാഹനവും നൽകുന്നു. അവാർഡ് ലഭിച്ചതുകൊണ്ടു മാത്രം വിലയിരുത്താൻ ഒന്നുമില്ല എന്നും കരുതുന്നു. അങ്ങനെയല്ലേ വേണ്ടത്. ലഭിച്ചതിൽ ഏറെ സന്തോഷം. ലഭിക്കാതെ പോയാൽ അതു കരിയറിനെ ബാധിക്കുമെന്ന് തോന്നുന്നില്ല.
സംവിധായകൻ, നടൻ ഇവരിൽ ആരാണ് അടുത്ത കൂട്ടുകാരൻ?
തീർച്ചയായും അതു സംവിധായകനാണ്. സംവിധായകനാവാനാണ് ഞാൻ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ആ വഴിയിലൂടെയാണ് സഞ്ചരിച്ചത്. അവിടെയാണ് ഞാൻ ഏറ്റവും ആസ്വദിച്ചതും.എന്നാൽ സംവിധാനത്തിനൊപ്പം അഭിനയവും ഏറെ ആസ്വദിക്കുന്നു. ആസ്വാദനം തരാൻ കഴിയാത്ത ജോലി ചെയ്യാൻ ഏറെ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ . ഒരു സിനിമയുടെ എല്ലാ ജോലിയുടെയും ഭാഗമാകാൻ സംവിധായകന് കഴിയുന്നു. അതു തരുന്ന ലഹരി അഭിനയിക്കുമ്പോൾ എനിക്കു ലഭിക്കുന്നില്ല. ഒരു സിനിമയുടെ ഭാഗമാകുന്നു എന്നതാണ് അഭിനയിക്കുമ്പോൾ തോന്നിയിട്ടുള്ളത്.അപ്രതീക്ഷിതമായാണ് സിനിമയിൽ അഭിനയിക്കുന്നത്. ഒരു കഥാപാത്രമായും നടനായും മാറാൻ കഴിഞ്ഞു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിക്കുകയും ചെയ്തത് എന്നിലെ സംവിധായകനെ പല രീതിയിൽ സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഒരുപാട് സംവിധായകരുടെ സംവിധാനശൈലി നോക്കി കാണാൻ കഴിയുന്നത് നടൻ എന്ന ഇടം ലഭിച്ചതുകൊണ്ടാണ്. അഭിനയിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ രഞ്ജൻ പ്രമോദിന്റെയും ലിജോയുടെയും അമലിന്റെയും ലൊക്കേഷനുകളിൽ അത്രയും ദിവസം ചെലവഴിക്കാനും നല്ല അനുഭവങ്ങൾ ലഭിക്കാനും കഴിയില്ലായിരുന്നു.
ഇടത്തരം ജീവിതസാഹചര്യങ്ങളിൽ ഉള്ളവരാണല്ലോ കഥാപാത്രങ്ങൾ ?
ഈ ജീവിതത്തെക്കുറിച്ചാണ് കൂടുതൽ ധാരണ ഉള്ളത്. ഇടത്തരം ജീവിതത്തിൽ ഇടപഴകി വന്ന ആളാണ് ഞാൻ. സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെ കഥാപരിസരവും ഇടത്തരം സാഹചര്യത്തിൽനിന്നായിരുന്നു . അച്ഛൻ, അമ്മ, സഹോദരിമാർ, ഭാര്യ , മക്കൾ ഇവർക്കിടയിൽനിന്നാണ് ഞാൻ വരുന്നത്. പ്രകാശന്റെ കഥ ധ്യാൻ പറഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. എന്റെ ആദ്യ ടൈറ്റിൽ കഥാപാത്രമാണ്. ചെറുപ്രായത്തിൽ ഒരു തോൽവിയെ നേരിടേണ്ടിവന്ന പ്രകാശൻ പലചരക്കുകട നടത്തുകയാണ് . എന്റെ അപ്പൻ ഫിലിപ്പ് കുറുപ്പന്തറയിൽ സ്റ്റേഷനറി കട നടത്തുന്നു.അത്തരം ഒരു സാഹചര്യവുമായി എനിക്കു വേഗം പൊരുത്തപ്പെടാൻ കഴിയുന്നു. പ്രകാശന്റെ ചിന്തകളെ ആ സാഹചര്യത്തിൽ നിന്നുകൊണ്ട് മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു കഥാപാത്രം വരുമ്പോൾ എപ്പോഴും അങ്ങനെയാണ് ചെയ്യാൻ ശ്രമിക്കുക.
ദിലീഷ് പോത്തന്റെ സിനിമയിലെ നായകൻമാർക്ക് ഫഹദ് ഫാസിലിന്റെ മുഖമാണോ?
അങ്ങനെ നിർബന്ധമില്ല. (ചിരി). സംവിധാനം ചെയ്ത മൂന്നു സിനിമയിലും ചില സാഹചര്യത്തിൽ ഫഹദ് നായകനായി അഭിനയിച്ചു. അടുത്ത സിനിമയിൽ മാറ്റം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല.കഥ പൂർണമായി കഴിഞ്ഞാൽ മാത്രമേ താരങ്ങളെക്കുറിച്ച് ആലോചിക്കാറുള്ളൂ. എന്നാൽ കൊവിഡ് സമയത്ത് ജോജി ചെയ്യേണ്ട സാഹചര്യം വന്നപ്പോൾ ഏറ്റവും അടുപ്പമുള്ള ആളുകളും പ്രൊഡക്‌ഷൻ ഹൗസും ഒക്കെ ആയതിനാൽ ഫഹദിനെപ്പറ്റി അപ്പോൾ ആലോചിച്ചു. ഫഹദ് മികച്ച നടനായതിനാലാണ് എന്റെ സിനിമകളിലെ നായക കഥാപാത്രമായി എത്തിയത്. വേറൊരു നടനിലേക്ക് പോയതുമില്ല. കഥ പൂർണമായാൽ ഏറ്റവും അനുയോജ്യരായവരെ കണ്ടെത്താനാണ് ശ്രമിക്കുക.ഒരു സിനിമ കഴിയുമ്പോൾ അടുത്തതിന്റെ ആലോചന തുടങ്ങി കൊണ്ടിരിക്കും.മൂന്നും നാലും കഥകൾ ആലോചിക്കും. ഏതാണോ വട്ടം എത്തുക അതു സിനിമയായി സംഭവിക്കും.