
തിരുവനന്തപുരം: കരാർ കാലാവധി പൂർത്തിയായിട്ടും കാട്ടാക്കട ഫയർസ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയില്ലെന്ന് പരാതി. കാട്ടാക്കട കിള്ളി ജംഗ്ഷനിൽ 40 സെന്റിലാണ് കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നത്.
ഗ്യാരേജ്, പെയിന്റിംഗ്, അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്ക്, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണം അടക്കമുള്ള ജോലികൾ ഇനിയും അവശേഷിക്കുന്നുണ്ട്. നിർമ്മാണത്തിലെ മെല്ലെപ്പോക്കാണ് ഒന്നരവർഷമായി ആരംഭിച്ച കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കാൻ കഴിയാത്തതെന്നാണ് ആക്ഷേപം. ഐ.ബി. സതീഷ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടു കോടി 36 ലക്ഷം രൂപയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം. പൊതുമരാമത്ത് വകുപ്പിനാണ് ചുമതല. അതേസമയം കൊവിഡിനെ തുടർന്നുണ്ടായ സമയനഷ്ടവും സാമ്പത്തിക പ്രതിസന്ധിയുമാണ് നിർമ്മാണത്തെ ബാധിച്ചതെന്നാണ് കരാറുകാരന്റെ വിശദീകരണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ഇനിയും 30 ലക്ഷന രൂപ കൂടിയുണ്ടെങ്കിലേ നിർമ്മാണം പൂർത്തിയാക്കാനാകൂ എന്നാണ് എൻജിനിയർ വ്യക്തമാക്കിയതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. കെട്ടിടം പണി പൂർത്തിയാകുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
ഒന്നര വർഷമായി അസൗകര്യങ്ങൾ ഏറെയുള്ള ചൂണ്ടുപലകയിലെ വാടക കെട്ടിടത്തിലാണ് കാട്ടാക്കട ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷന്റെ പ്രവർത്തനം. 20,000 രൂപയാണ് പ്രതിമാസം വാടകയിനത്തിൽ ചെലവാകുന്നത്.
നിലവിലെ ചെറിയ വാടകക്കെട്ടിടത്തിൽ 40 ജീവനക്കാർ തിങ്ങിഞെരുങ്ങിയാണ് ഡ്യൂട്ടിയെടുക്കുന്നത്. ഇതിനൊപ്പം റെസ്ക്യു വാഹനങ്ങളടക്കം അഞ്ചു വാഹനങ്ങളും സ്റ്റേഷനിലുണ്ട്. അപകടങ്ങൾ ധാരാളം നടക്കുന്ന സ്ഥലമായതിനാൽ കൂടുതൽ സൗകര്യമുള്ളയിടത്തേക്ക് മാറുന്നതാണ് നല്ലതെന്നും ജംഗ്ഷനിലേക്ക് മാറിയാൽ സമയം പാഴാക്കാതെ അപകടയിടങ്ങളിൽ പാഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്താനാകുമെന്നും ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.