തിരുവനന്തപുരം: നേമം റെയിൽവേ ടെർമിനൽ സ്ഥാപിക്കുന്നതിന് റെയിൽവേയുടെ കൈവശമുള്ള 50 ഏക്കർ മതിയാകാത്തതു കൊണ്ടാണ് സംസ്ഥാന സർക്കാരിനോട് സ്ഥലമേറ്റെടുത്ത് നൽകാൻ ആവശ്യപ്പെട്ടതെന്നും എന്നാൽ സർക്കാർ കാലതാമസം വരുത്തിയതിനാലാണ് റെയിൽവേ അവരുടെ നിയമനടപടികളുമായി മുന്നോട്ടു പോയതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. സ്ഥലമേറ്റെടുക്കുന്നതിൽ വീഴ്ച വരുത്തിയിട്ട് അതിൽ രാഷ്ട്രീയം കലർത്തി കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമമാണ് മന്ത്രിമാർ നടത്തുന്നത്. സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഇത്തരം അടവുകൾ കൊണ്ടൊന്നും മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപ്പെടാനാകില്ല. മന്ത്രിമാർ മുൻകാലങ്ങളിൽ നാടിനെതിരായി നടത്തിയ പ്രവർത്തനങ്ങൾക്ക് മറുപടി പറഞ്ഞേ തീരൂ. താനാണ് നേമം ടെർമിനൽ വികസനം മുടക്കിയതെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ ആരോപണത്തിന് തലയിൽ ആൾത്താമസമില്ലാത്ത മന്ത്രിമാർക്ക് മറുപടി പറയാനില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.