തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതലായ സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റിലായ മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്ഠൻനായരെ കൂടുതൽ അന്വേഷണത്തിനായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
തിരുവനന്തപുരം സി.ജെ.എം കോടതി അപേക്ഷ ഇന്ന് പരിഗണിക്കും. ആർ.ഡി.ഒ ഓഫീസിൽ നിന്ന് കാണാതായ സ്വർണാഭരണങ്ങളും വെള്ളിയും പണവും മൊബൈൽഫോണുകളും കണ്ടെത്താനും തട്ടിപ്പിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്ന് മനസിലാക്കാനുമാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റിലായതിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലും തെളിവെടുപ്പിലും ശ്രീകണ്ഠൻനായർ വിറ്റഴിച്ച 20പവനോളം തൊണ്ടി മുതലുകൾ കണ്ടെത്തിയിരുന്നു. ശേഷിക്കുന്നവ കൂടി കണ്ടെത്തേണ്ടതുണ്ട്. മോഷ്ടിച്ച ആഭരണങ്ങൾക്കുപകരം മുക്കുപണ്ടം വാങ്ങിവച്ചതുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ശേഖരിക്കാൻ മുക്കുപണ്ടം വാങ്ങിയ കടയിലും ശ്രീകണ്ഠൻനായരെ എത്തിച്ച് തെളിവുകൾ ശേഖരിക്കണം.
ശ്രീകണ്ഠൻനായർക്ക് അക്കൗണ്ടുള്ള ബാങ്കുകളിലെ ലോക്കറുകളുടെ പരിശോധന, ബാങ്ക് നിക്ഷേപങ്ങളുടെയും മറ്റ് ആസ്‌തി വകകളുടെയും വിവരശേഖരണം, മോഷ്ടിച്ച തൊണ്ടികൾ പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയിലും തെളിവുകൾ ശേഖരിക്കണം. കസ്റ്റഡിയിൽ ലഭിച്ചാൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റിലായതോടെ ശ്രീകണ്ഠൻനായരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്‌ക്കുന്നതുൾപ്പെടെയുള്ള നടപടികൾ റവന്യൂ വകുപ്പ് ആരംഭിച്ചു. സർവീസ് കാലഘട്ടത്തിൽ ഇത്തരം ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനും റവന്യൂ വിജിലൻസ് നീക്കം തുടങ്ങിയിട്ടുണ്ട്.