തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യമെന്നും അദ്ധ്യാപകരുടെ പിന്തുണയോടെ അത് സാദ്ധ്യമാകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തിലെ ഗവ.മെഡിക്കൽ കോളേജ് ഹയർസെക്കൻഡറി സ്‌കൂളിലെയും കാര്യവട്ടം ഗവ.യു.പി സ്‌കൂളിലെയും ഹൈടെക് ബ്ലോക്കുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇരു സ്‌കൂളുകളിലുമായി നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഡി.ആർ. അനിൽ, റീന കെ.എസ്, കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്, ചെമ്പഴന്തി ഉദയൻ, ബി.ആർ.സി കണിയാപുരം ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ.യു എന്നിവർ പങ്കെടുത്തു.