kodiyeri
kodiyeri

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരാഭാസത്തിന് മുന്നിൽ പിണറായി സർക്കാർ കീഴടങ്ങില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ കലാപാന്തരീക്ഷവും അരാജകത്വവും സൃഷ്ടിക്കാൻ ദിവസേന കുപ്രചരണങ്ങൾ അഴിച്ചു വിടുന്നത് തടയാൻ ജനങ്ങൾക്കേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

'മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഗൂഢാലോചനയ്ക്കെതിരെ കേരളം' എന്ന മുദ്രാവാക്യമുയർത്തി ഇടതുമുന്നണി സംഘടിപ്പിക്കുന്ന ബഹുജന റാലികൾക്ക് തുടക്കമിട്ട് തിരുവനന്തപുരത്ത് നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിവസേന സമര കോലാഹലം സൃഷ്ടിച്ച് സർക്കാരിനെ താഴത്തിറക്കാമെന്നാണ് ബി.ജെ.പിയും കോൺഗ്രസും കരുതുന്നത്. മുഖ്യമന്ത്രി എവിടെ പോകുമ്പോഴും ആക്രമിക്കാൻ ശ്രമിക്കുന്നു. ഒരു യു.ഡി.എഫ് നേതാവ് പറഞ്ഞത് ,മുഖ്യമന്ത്രിയെ നേരിടേണ്ടത് കരിങ്കൊടി കൊണ്ടല്ല, കരിങ്കല്ല് കൊണ്ടാണെന്നാണ്. അവർ മനസ്സിലാക്കേണ്ടത്, നിങ്ങളെറിയുന്ന ഓരോ കരിങ്കല്ലും പിടിച്ച് തിരിച്ചെറിയാൻ കഴിയുന്ന ജനങ്ങൾ ഇവിടെയുണ്ട് എന്നാണ്. ഇത്തരം ഗ്വാഗ്വാ വിളികൾക്ക് മുന്നിൽ കീഴടങ്ങില്ല. പത്ത് പൊലീസുകാരുടെ ബലത്തിൽ പ്രവർത്തിക്കുന്ന സർക്കാരല്ല എൽ.ഡി.എഫിന്റേത്. നിയമസഭയിൽ ഭൂരിപക്ഷവും ജനങ്ങളുടെ പിന്തുണയുമുള്ളിടത്തോളം കാലം എൽ.ഡി.എഫ് കേരളം ഭരിക്കും. സമരം കണ്ട് ഓടിപ്പോകുന്നവരല്ല. കോൺഗ്രസും ബി.ജെ.പിയും ഈ തീക്കളി നിറുത്തണം. ഇല്ലെങ്കിൽ ജനങ്ങൾ പാഠം പഠിപ്പിക്കും.

കേരളത്തിലെ എല്ലാ വികസനപദ്ധതികളും സമരകോലാഹലം സൃഷ്ടിച്ച് അട്ടിമറിക്കാനാണ് നോക്കുന്നത്. വിമാനത്തിൽ പോലും അദ്ദേഹത്തെ യാത്ര ചെയ്യാനനുവദിക്കുന്നില്ല.ഇത്രയും സുരക്ഷ മുഖ്യമന്ത്രിക്ക് കൊടുത്തതെന്തിനെന്നിപ്പോൾ വ്യക്തമായില്ലേ. ഈ പൊലീസിന്റെയൊക്കെ സുരക്ഷ വേണ്ടെന്ന് വച്ച് അത് സി.പി.എം ഏറ്റെടുത്താൽ ഒറ്റയൊരുത്തനും മുഖ്യമന്ത്രിക്കടുത്തേക്ക് വരാൻ പോകുന്നില്ല.

സ്വർണക്കടത്ത് കേസിൽ സ്വർണം കൊണ്ടുവന്നയാളെ കണ്ടുപിടിക്കാനോ അത് കൈപ്പറ്റിയയാളെ പിടി കൂടാനോ ഇത്രയും കാലമായിട്ടും കേന്ദ്ര ഏജൻസികൾക്ക് സാധിച്ചിട്ടില്ല.അന്വേഷണം ബി.ജെ.പി ബന്ധമുള്ളവരിലേക്കെത്തുമെന്നായപ്പോൾ അട്ടിമറിച്ചു. കേന്ദ്ര ഏജൻസികളുടെ കളിപ്പാവയായി പ്രവർത്തിക്കുന്ന സ്വപ്ന സുരേഷ് ആർ.എസ്.എസിന്റെ കൈയിൽ കളിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്താനല്ല, ജനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷസമരത്തിനെതിരായ വികാരമുയർത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ ദുരുദ്ദേശത്തോടെ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം ജനം തിരിച്ചറിയുമെന്നും കാനം പറഞ്ഞു. വിവിധ ഘടകകക്ഷി നേതാക്കളും സംബന്ധിച്ചു.