
ബാലരാമപുരം: ദേശീയപാതയിൽ ബാലരാമപുരം ജംഗ്ഷനിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ പഞ്ചായത്ത് നടപടി തുടങ്ങി. നൂറ് വർഷം പഴക്കമേറിയതും പൊതുജനത്തിന് ഭീഷണിയായി ദേശീയപാതയിൽ നിലകൊള്ളുന്ന കെട്ടിടങ്ങളാണ് ബിൽഡിംഗ് ഉടമയ്ക്ക് നോട്ടീസ് നൽകി പഞ്ചായത്ത് പൊളിച്ചു നീക്കുന്നത്. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനന്റെ നേത്യത്വത്തിൽ ജംഗ്ഷന് സമീപത്തെ ബിൽഡിംഗാണ് കഴിഞ്ഞ ദിവസം പൊളിച്ച് നീക്കി തുടങ്ങിയത്. സമീപ വ്യാപാര സ്ഥാപനങ്ങൾക്കും ബിൽഡിംഗിനും ക്ഷതമേൽക്കാത്ത തരത്തിലാണ് പൊളിച്ചു നീക്കൽ. അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ബാലരാമപുരത്ത് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രവർത്തനമില്ലാത്ത നിരവധി വാണിജ്യ സ്ഥാപനങ്ങൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ കാലപ്പഴക്കം പരിശോധിച്ച് ഉടമയുടെ സാന്നിദ്ധ്യത്തിൽ പൊളിച്ചുമാറ്റുമെന്ന് സെക്രട്ടറി അറിയിച്ചു.