vld-1

വെള്ളറട: മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയയ്‌ക്കു പിന്നാലെ മരിച്ച എസ്.എൻ.ഡി.പി യോഗം കാരക്കോണം ശാഖ മുൻ സെക്രട്ടറി ജി. സുരേഷ് കുമാറിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം നാലോടെയാണ് മൃതദേഹം കാരക്കോണത്തെ വീട്ടിലെത്തിച്ചത്. വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട നിരവധിപേർ എത്തിയിരുന്നു.

മൃതദേഹം കണ്ട ഭാര്യയും മക്കളും പൊട്ടിക്കരഞ്ഞത് എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തി.

എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ സെക്രട്ടറി ചൂഴാൽ ജി. നിർമ്മലൻ, പ്രസിഡന്റ് എ.പി. വിനോദ്, യോഗം മുൻ ഇസ്‌പെക്ടിംഗ് ഓഫീസറും ഡയറക്ടർ ബോർഡ് അംഗവുമായ എസ്. ലാൽകുമാർ, വൈസ് പ്രസിഡന്റ് വി. കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു, മുൻ ബാങ്കിംഗ് ഓംബുഡ്സ്‌മാൻ അഡ്വ. മോഹൻദാസ്, ബി.ജെ.പി പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പ്രദീപ്, ബി.ജെ.പി കുന്നത്തുകാൽ ഏരിയാ പ്രസിഡന്റ് വർണം സജി തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. വൈകിട്ട് അഞ്ചോടെയാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. സഞ്ചയനം 26ന് രാവിലെ 9ന് നടക്കും.