block

 സ്‌കൂൾ അധികൃതരോട് സംസാരിക്കാൻ തയ്യാറെന്ന് കമ്മിഷണർ

തിരുവനന്തപുരം: സ്‌കൂളുകൾക്ക് മുന്നിൽ രാവിലെയും വൈകിട്ടുമുള്ള ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടി നഗരവാസികൾ. തിരക്ക് കുറയ്‌ക്കാൻ പൊലീസിന്റെ ഭാഗത്തു നിന്ന് നടപടികളുണ്ടാകാത്തതിനാൽ രാവിലെ ഓഫീസിൽ പോകാനിറങ്ങുന്നവർ ഉൾപ്പെടെ ബുദ്ധിമുട്ടുകയാണ്. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് മുന്നിലും പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിന് മുന്നിലും ഫുട് ഓവർബ്രിഡ്‌ജുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് പൂർണമായും പരിഹാരമായിട്ടില്ല. മെയിൻ റോഡുകൾക്ക് പുറമെ നഗരത്തിലെ ഒട്ടുമിക്ക ഇടറോഡുകളിലും തിരക്ക് വർദ്ധിച്ചിട്ടുണ്ട്. പ്രവൃത്തിദിനങ്ങളിൽ ശ്രീകാര്യം, മെഡി. കോളേജ്, ഉള്ളൂർ, പട്ടം, കവടിയാർ, വെള്ളയമ്പലം, ശാസ്‌തമംഗലം, കിള്ളിപ്പാലം, കരമന, വഴുതക്കാട്, പേരൂർക്കട തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്തുന്നതിനായി മേയ് 31ന് സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻ കുമാർ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. എന്നാൽ സ്‌കൂൾ തുറന്ന് 22 ദിവസമായിട്ടും ഉത്തരവിലെ നിർദ്ദേശങ്ങളൊന്നും നടപ്പായില്ലെന്നാണ് ആക്ഷേപം. കുട്ടികളുമായി വരുന്ന വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്‌ത് ഗതാഗതതടസം സൃഷ്‌ടിക്കാൻ പാടില്ലെന്നതായിരുന്നു പ്രധാന നിർദ്ദേശം. സ്‌കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും സ്‌കൂൾ കോമ്പൗണ്ടിനകത്ത് കയറ്റി കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. എന്നാൽ നഗരത്തിലെ സ്‌കൂളുകളിലെല്ലാം ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും സ്‌കൂൾ വാഹനങ്ങളല്ലാതെ സ്വകാര്യ വാഹനങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കാറില്ല. സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ ക്യൂ സംവിധാനത്തിലൂടെ കയറ്റണമെന്ന നിർദ്ദേശവും നടപ്പായിട്ടില്ല. ടിപ്പർ, ചരക്കുവാഹനങ്ങൾ, ടാങ്കർ ലോറികൾ എന്നിവ സ്‌കൂൾ സമയങ്ങളിൽ സ്‌കൂൾ സോണുകൾ ഒഴിവാക്കി സഞ്ചരിക്കണമെന്നാണ് കമ്മിഷണർ ഉത്തരവിട്ടത്. അതേസമയം രാവിലെ 8നും 10നും ഇടയിൽ പാപ്പനംകോട്, പ്രാവച്ചമ്പലം ഉൾപ്പെടെയുള്ള ഭാഗങ്ങളിലൂടെ ഇത്തരം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. സ്‌കൂളുകൾക്ക് മുന്നിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാനും പൊലീസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

 സ്വകാര്യ വാഹനങ്ങളെ സ്‌കൂൾ അധികൃതർ കോമ്പൗണ്ടിനകത്ത് പ്രവേശിപ്പിക്കാത്തതാണ് പ്രധാന പ്രശ്‌നം. സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബദൽ ഏരിയ കണ്ടെത്താതെ പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല. സ്‌കൂൾ അധികൃതരുമായി ചർച്ചയ്‌ക്ക് തയ്യാറാണ്.

ജി. സ്‌പർജൻ കുമാർ,

സിറ്റി പൊലീസ് കമ്മിഷണർ

മേരിഗിരിയിലും ഗതാഗതക്കുരുക്ക്

കുടപ്പനക്കുന്ന് മേരിഗിരി സ്‌‌കൂളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തലവേദനയാകുന്നത്. ഇതുകാരണം പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കൊവിഡിന് മുമ്പ് അനധികൃത പാർക്കിംഗിനെതിരെ പൊലീസ് ഇടപെട്ടിരുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം പ്രദേശത്ത് പൊലീസ് നേരിട്ടെത്തി നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു. കൊവിഡ് കാലം കഴിഞ്ഞ് സ്‌കൂൾ സജീവമായപ്പോൾ ബോർഡ് ഇളക്കി മാറ്റിയാണ് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കുന്നതിനായി ജലഅതോറിട്ടി കൊണ്ടുവന്ന കൂറ്റൻ പൈപ്പ് പണി കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും സ്‌കൂളിന് മുന്നിൽ നിന്ന് മാറ്റിയിട്ടില്ല.