തിരുവനന്തപുരം: ട്രാൻസ്‌പ്ളാന്റ് മേഖലയിലെ പ്രമുഖരും നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധരുമായ ഡോ.ജേക്കബ് ജോർജ്ജിനോടും ഡോ.വാസുദേവൻ പോറ്റിയോടും സർക്കാർ കാണിച്ച അനീതിക്കെതിരെ ട്രിവാൻഡ്രം നെഫ്രോളജി ക്ലബ് പ്രതിഷേധമറിയിച്ചു. വൃക്ക മാറ്റിവയ്ക്കാനുണ്ടായ കാലതാമസമാണ് മെഡിക്കൽ കോളേജിൽ രോഗിയുടെ മരണത്തിന് കാരണമായതെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതമാണ്. തിയേറ്ററിന് പുറത്ത് കുറച്ച് സമയത്തേക്ക് വൃക്ക വച്ചത് വീഴ്ച്ചയല്ല. അത് അപ്പോഴും സംരക്ഷിക്കപ്പെട്ടിരുന്നു. രോഗിയുടെ ഹൃദ്രോഗവും ഉയർന്ന അപകടസാദ്ധ്യതയുള്ള ശസ്ത്രക്രിയയും ആകാം മരണകാരണം. അല്ലാതെ മാറ്റിവയ്ക്കൽ വൈകിയതുമായി ഇതിന് ബന്ധമില്ലെന്നും ട്രിവാൻഡ്രം നെഫ്രോളജി ക്ലബ് പ്രസിഡന്റ് ഡോ.സതീഷ് ബാലൻ പ്രസ്താവനയിൽ പറഞ്ഞു. വളരെ നിസാരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് മുതിർന്ന ട്രാൻസ്‌പ്ളാന്റ് വിദഗ്ദ്ധരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.