dd

മുടപുരം: കൊവിഡ് നിയന്ത്രണങ്ങൾ മൂലം നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ കിഴുവിലം പഞ്ചായത്തിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് ചെയ്യുകയും എല്ലാ വിദ്യാലയങ്ങളും തുറക്കുകയും ഓഫീസ് പ്രവർത്തനങ്ങൾ സാധാരണ ഗതിയിലാവുകയും ചെയ്തിട്ടും നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം കിഴുവിലം, ചിറയിൻകീഴ് പ്രദേശത്തുള്ളവർക്ക് യാത്രാക്ലേശം രൂക്ഷമാണ്.

ചിറയിൻകീഴ് നിന്ന് ആരംഭിച്ച് മുടപുരം, കോരാണി വഴി കിഴക്കേകോട്ടയിൽ പോകുന്ന ലോ ഫ്ലോർ ബസ്, ചിറയിൻകീഴ് നിന്ന് കോരാണി വഴി തിരുവനന്തപുരത്തേക്കുള്ള ബസ്, ചിറയിൻകീഴ് നിന്ന് തുടങ്ങി മുടപുരം, മുട്ടപ്പലം,മംഗലപുരം,പോത്തൻകോട് വഴി തിരുവനന്തപുരത്തേക്കുള്ള ബസ്, രാത്രി 10ന് ചിറയിൻകീഴ് നിന്ന് ആറ്റിങ്ങൽ വഴി കിളിമാനൂരിൽ പോകുന്ന ബസ്, ചിറയിൻകീഴ് നിന്ന് ചെറുവള്ളിമുക്ക്,ആയുർവേദാശുപത്രി, കോരാണി വഴി തിരുവനന്തപുരത്തേക്കുള്ള ബസ്, ചിറയിൻകീഴ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് തുടങ്ങിയവയാണ് നിറുത്തലാക്കിയത്. സർവീസുകൾ പുനരാരംഭിക്കമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളും മന്ത്രി അടക്കം നിരവധി പേർക്ക് നിവേദനം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല.

നല്ല കളക്ഷൻ ഉണ്ടായിരുന്ന സർവീസുകളാണ് കെ.എസ്.ആർ.ടി.സി നിറുത്തലാക്കിയത്.

കെ.എസ്.ആർ.ടി.സി പുതിയതായി ആരംഭിച്ച സിറ്റി ഷട്ടിൽ സർവീസുകൾ ചിറയിൻകീഴിൽ നിന്നു കൂടുതൽ ആരംഭിക്കണമെന്നാവശ്യവും ശക്തമാണ്.

പാലം നിർമ്മിക്കാൻ, ബസ് നിറുത്തി

കിഴുവിലം കാട്ടുമുറക്കൽ പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ ചിറയിൻകീഴ് നിന്ന് കിഴുവിലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന വിവിധ കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്തലാക്കിയിരുന്നു. ഒപ്പം സ്വകാര്യ ബസ് സർവീസും. എന്നാൽ പാലം നിർമ്മാണം പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും നിറുത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയ്യാറായിട്ടില്ല. സ്വകാര്യ ബസും എല്ലാ സർവീസും ആരംഭിച്ചിട്ടില്ല.

ട്രെയിൻ യാത്രക്കാരും ദുരിതത്തിൽ

സർവീസുകൾ നിറുത്തലാക്കിയതോടെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന ട്രെയിൻ യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്.

കിഴുവിലം പഞ്ചായത്തിലെ വിവിധ റൂട്ടുകൾ വഴി നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ ഉടൻ പുനരാരംഭിക്കണം. ഇതിന് ജനപ്രതിനിധികൾ മുൻകൈ എടുത്ത് നടപടി സ്വീകരിക്കണം.

പി. വിപിനചന്ദ്രൻ, സെക്രട്ടറി, കേരള സ്റ്റേറ്റ് സർവീസ്

പെൻഷണേഴ്‌സ് യൂണിയൻ, കിഴുവിലം ഈസ്റ്റ് യൂണിറ്റ്