
കുറ്റിച്ചൽ: കുറ്റിച്ചലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. കുറ്റിച്ചൽ പച്ചക്കാട് വള്ളിമംഗലം കുന്നിൻപുറം ഇമ്മാനുവേൽ ഹൗസിൽ ഫാ.സജി ആൽബിയുടെ വീട്ടിലാണ് സംഭവം.വീടിന് സമീപത്തായുള്ള മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന നിറഞ്ഞ ഗ്യാസ് സിലിണ്ടറാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.ഈ സമയം വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടം പൂർണമായും തകർന്നു. എങ്ങനെയാണ് സിലിണ്ടർ സ്ഫോടനം ഉണ്ടായതെന്ന് വ്യക്തമല്ല. ഒരാഴ്ച മുൻപ് എത്തിച്ച ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
ഫാ. സജി ആൽബി, ഭാര്യ ജീന സജി, മക്കളായ ജോഷൽ ആൽബിൻ സജി (12), ആൽബിൻ ജേക്കബ്(6), ജുവൽ ആൽബിൻ സജി(4) എന്നിവരാണ് ഇവിടെ താമസിക്കുന്നത്. നെയ്യാർ ഡാം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ,ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ദിനൂപ്,കിരൺ,സുഭാഷ്, വിനീത്, ഹോം ഗാർഡ് പ്രദീപ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.