
വിഴിഞ്ഞം: ജനനത്തിൽ ഒരുമിച്ച മൂവർ സംഘത്തിന് വിജയവും ഒരുമിച്ച്. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള വായംവിള ഏദൻ വീട്ടിൽ ബിജു - സുജ ദമ്പതിമാരുടെ മക്കളായ അജിൻ, അതുൽ, അമൽ എന്നിവരാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഒരുമിച്ച് വിജയം നേടിയത്. നഴ്സറി മുതൽ ഒരേ ക്ലാസിലാണ് ഇവരുടെ പഠനം. മൂന്ന് സ്കൂളികളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനമെങ്കിലും മൂവരും ഒരേ ക്ലാസിൽ തന്നെയായിരുന്നു. അദ്ധ്യാപകർ ഇവരുടെ ഒരുമ കണ്ട് ക്ലാസ് മാറ്റാനും തയാറായില്ല.
എവിടെ പോയാലും ഇവർ ഒന്നിച്ചുണ്ടാകും. വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. കൊവിഡ് സമയത്ത് മൂവരുടേയും പഠനം ഒരു മൊബൈലിലായിരുന്നു. ഒരേ ഡ്രസ് തന്നെ വേണമെന്ന നിർബന്ധമാണ് മൂവർക്കുമുള്ളത്. അവധി കിട്ടുമ്പോഴൊക്കെ അച്ഛന്റെ മൈക്ക് സെറ്റ് പണിക്ക് സഹായിയായി ഇവർ കൂടാറുണ്ട്. കോമേഴ്സ് വിഷയമെടുത്ത് ഒരേ ക്ലാസിൽ തന്നെ പഠിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. മൂവർക്കുമായി ഒരു സഹോദരനുമുണ്ട് പ്ലസ്ടു വിദ്യാർത്ഥിയായ അബിൻ.