
തിരുവനന്തപുരം:താൻ ഗാനരചനാ രംഗത്ത് കടന്നുവരുമ്പോൾ വളരെയധികം എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു.പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി സംഘടിപ്പിച്ച ചടങ്ങിൽ പൂവച്ചൽ ഖാദറിന്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്ന് ഗാനരചനാമേഖല ശരിക്കും യുദ്ധക്കളമായിരുന്നു.അതിനാൽ ഒരു തീരുമാനമെടുത്തു. എന്റെ പിന്നാലെ വരുന്നവർക്ക് ഞാനൊരു ശത്രുവാകില്ലെന്നും അവരുടെ വഴിയിൽ തടസം നിൽക്കില്ലെന്നും. പിന്നീട് വന്നവരെയെല്ലാം താൻ ജ്യേഷ്ഠന്മാരായാണ് കണ്ടത്. ബംഗളൂരുവിലേക്ക് താമസം മാറിയപ്പോൾ എനിക്ക് പാട്ടെഴുതാൻ ലഭിച്ച അവസരങ്ങൾ ബിച്ചു തിരുമലയ്‌ക്കും പൂവച്ചൽ ഖാദറിനുമായി കൈമാറുകയായിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.സൗമ്യതയുടെ പ്രതീകമായിരുന്നു പൂവച്ചൽ ഖാദർ.നടക്കുമ്പോൾ പോലും ഭൂമിക്ക് വേദനിക്കാതിരിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി ഓർമ്മിച്ചു.
പൂവച്ചൽ ഖാദറിന്റെ ഓർമ്മ നിലനിറുത്താനുള്ള എല്ലാവിധ പ്രവർത്തനങ്ങളിലും സർക്കാർ പങ്കുചേരുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാള കാവ്യരംഗത്ത് പുതുവസന്തം സൃഷ്ടിക്കുകയും പുരോഗമന ഗാനങ്ങൾക്ക് ശക്തി പകരുകയും ചെയ്ത ഗാനരചയിതാവായിരുന്നു അദ്ദേഹം. വയലാറിന്റെ തുടർച്ചക്കാരനാണ് പൂവച്ചൽ ഖാദർ. അദ്ദേഹത്തിൽ നിന്ന് ലഭിച്ച ബാറ്റൺ ഏറ്റുവാങ്ങി തുടർച്ച ഉണ്ടാക്കിയത് ഖാദറാണെന്നും മന്ത്രി പറഞ്ഞു.പൂവച്ചൽ ഖാദറിനെ കുറിച്ചുള്ള സ്‌മരണിക മന്ത്രി പ്രകാശനം ചെയ്തു.കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ അദ്ധ്യക്ഷത വഹിച്ചു.എം.എൽ.എമാരായ ഐ.ബി. സതീഷ്, ജി.സ്‌റ്റീഫൻ, മുൻ എം.എൽ.എ കെ.എസ്.ശബരിനാഥൻ, ജയൻ സാംസ്‌കാരി വേദി ചെയർമാൻ സി.ശിവൻകുട്ടി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി ജനറൽ കൺവീനർ ജോർജ് തോമസ്, ജോയിന്റ് കൺവീനർ എ.ആർ.സലിം തുടങ്ങിയവർ പങ്കെടുത്തു.