airpot

നെടുമങ്ങാട് : സൗദി അറേബ്യയിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച ബാബുവിന് ജന്മനാട്ടിൽ അന്ത്യവിശ്രമം. അച്ഛനെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യകർമ്മങ്ങൾ ചെയ്യാനുമുള്ള എബിന്റെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം സാധിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ് സൗദിയിലെ കമീസ് മുഷൈത്തിൽ മരിച്ച നെടുമങ്ങാട് സ്വദേശി ബാബുവിന്റെ മൃതദേഹം ബുധനാഴ്ച രാത്രി 10.30 ഓടെ റിയാദിൽ നിന്ന് നെടുമ്പാശേരിയിലെത്തിച്ചത്. തുടർന്ന് റോഡ് മാർഗ്ഗം ഇന്നലെ പുലർച്ചെ വീട്ടിൽകൊണ്ടുവന്നു.

അരശുപറമ്പ് കോഴിയോട് ബാബു സദനത്തിൽ മൃതദേഹം എത്തിച്ച ശേഷം രാവിലെ എട്ട് മണിയോടെ ചെക്കക്കോണം സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

മൃതദേഹം കേരളത്തിലെത്തിക്കാൻ നിരവധി നിയമ തടസ്സങ്ങളുണ്ടായിരുന്നു. സൗദിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ സഹായം അഭ്യർത്ഥിച്ച് ലോക കേരള സഭയിലെ ഓപ്പൺ ഫോറത്തിൽ എബിൻ യൂസഫലിയെ സമീപിച്ചതോടെയാണ് തടസങ്ങൾ നീങ്ങിയത്. എബിന്റെ സങ്കടംകണ്ട യൂസഫലി വേദിയിൽ വച്ചുതന്നെ വേഗത്തിൽ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. സ്പോൺസറെ ഒഴിവാക്കി മതിയായ രേഖകളില്ലാതെയാണ് ബാബു സൗദിയിൽ ജോലി ചെയ്തിരുന്നത്. ഇതേ തുടർന്നുള്ള പിഴകൾ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടർന്ന് സൗദി ജവാസത്ത് വകുപ്പ് ഒഴിവാക്കിക്കൊടുത്തു. ബാബുവിന്റെ സ്പോൺസറിൽ നിന്ന് നിരാക്ഷേപപത്രം ശേഖരിച്ച് അധികൃതർക്ക് കൈമാറിയതോടെ മൃതദേഹം കേരളത്തിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയായി.ഫൈനൽ എക്സിറ്റ് ലഭിച്ച ശേഷം ഫോറൻസിക് പരിശോധന പൂർത്തിയാക്കിയാണ് മൃതദേഹം ലുലു ഗ്രൂപ്പ് അധികൃതർ റിയാദിൽ നിന്ന് എത്തിച്ചത്. മൃതദേഹം വീട്ടിലെത്തിക്കാനുള്ള എല്ലാ ചെലവുകളും യൂസഫലി തന്നെയാണ് വഹിച്ചത്. ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, മീഡിയ കോർഡിനേറ്റർ മിഥുൻ സുരേന്ദ്രൻ, പി .ആർ .ഒ സൂരജ് അനന്തകൃഷ്ണൻ എന്നിവർ മൃതദേഹത്തെ അനുഗമിച്ച് നെടുമങ്ങാട്ടെ വീട്ടിലെത്തിയിരുന്നു. ഉഷയാണ് ബാബുവിന്റെ ഭാര്യ. എബിൻ, വിപിൻ എന്നിവർ മക്കൾ.പ്രാർത്ഥന ഞായർ രാവിലെ 10 ന്.