തിരുവനന്തപുരം; ഗാർഹിക ജൈവമാലിന്യം ജൈവവളമാക്കാനായി ഇലകമൺ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ബയോ കമ്പോസ്റ്റ് ബിൻ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൂര്യ.ആർ നിർവഹിച്ചു. പഞ്ചായത്തിലെ 599 പേർക്കാണ് പദ്ധതിയുടെ ഭാഗമായി ബയോ കമ്പോസ്റ്റ് ബിൻ നൽകിയത്. പഞ്ചായത്തിലെ ഹരിതകർമ്മസേനയുടെ നേതൃത്വത്തിലാണ് ബിന്നുകൾ വീടുകളിൽ സ്ഥാപിക്കുന്നത്. ഒരു വ്യക്തിയിൽ നിന്ന് 180 രൂപയാണ് ഈടാക്കുന്നത്. ബാക്കി ചെലവാകുന്ന തുക പഞ്ചായത്ത് വഹിക്കും. ഇതിനായി 2,15,640 രൂപയാണ് പ്ലാൻ ഫണ്ടിൽ നിന്ന് നീക്കിവച്ചിരിക്കുന്നത്. ബിൻ വാങ്ങുമ്പോൾ 10 കിലോ ഇനാകുലം സൗജന്യമായി നൽകുന്നുമുണ്ട്.പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനും ജനങ്ങൾക്ക് സാമ്പത്തിക ഭദ്രത കൈവരുത്താനും ഈ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ. ഇലകമൺ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ലൈജുരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.