general

ബാലരാമപുരം: ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. കഴിഞ്ഞ ദിവസം സി.എച്ച്.സി ഫാർമസിക്ക് മുന്നിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. രോഗികൾ മരുന്ന് വാങ്ങാൻ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവരുന്നത് ഇവിടെ പതിവ് കാഴ്ച്ചയാണ്. ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണുന്നതിനും മരുന്ന് വാങ്ങുന്നതിനുമായി രാവിലെ ആശുപത്രിയിൽ എത്തുന്ന രോഗികൾ വിശന്ന് വലഞ്ഞ് ക്ഷീണിതരായി ഉച്ചകഴിഞ്ഞാണ് മടങ്ങുന്നത്. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ സി.എച്ച്.സിക്ക് മുന്നിൽ കഴിഞ്ഞ ഒരാഴ്ച്ചയോളമായി ഒ.പിയിൽ എത്തുന്നവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. മൂന്ന് ഫാർമസിസ്റ്റ് ഉണ്ടായിരുന്ന ആരോഗ്യകേന്ദ്രത്തിൽ ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്. കംപ്യൂട്ടറിൽ മരുന്ന് നോക്കുന്നതിനും എടുത്ത് കൊടുക്കുന്നതിനും ഒരാളുടെ സേവനമാണ് ലഭിക്കുന്നത്. ലീവെടുത്തും പലവിധ കാരണത്താലും മറ്റ് രണ്ട് പേർ അവധിയിലാണ്. പുതിയ ഫാർമസിസ്റ്റിനെ നിയമിക്കണമെന്ന് രോഗികൾ നിരന്തരം ആവശ്യമുന്നയിക്കുന്നെങ്കിലും ബന്ധപ്പെട്ടവർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി ദിവസം നാന്നൂറിൽപ്പരം രോഗികൾ ചികിത്സതേടിയെത്തുന്നുണ്ട്. ചില‍ർ ഓട്ടോയിൽ വളരെ ക്ഷീണിച്ചാണ് ഡോക്ടറുടേ സേവനത്തിന് എത്തുന്നത്. എന്നാൽ മണിക്കൂറുകൾ ക്യൂ നിന്ന് ഡോക്ടറെ കണ്ട് വരുമ്പോഴേക്കും ഓട്ടോക്കാരൻ മടങ്ങും. വീണ്ടും വാഹനത്തിനായി കാത്ത്കെട്ടി കിടക്കേണ്ട അവസ്ഥയാണ് രോഗികൾക്ക്.

കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഓഫീസ് വാർഡിൽ സ്ഥിതി ചെയ്തിരുന്ന അങ്കണവാടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് ചേർന്നുള്ള മുറിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇവർ അനുഭവിക്കുന്ന ദുരിതത്തിന് ഏതൊരു അയവും വന്നിട്ടില്ല. ആൾക്കാരുടെ ബഹളത്തിന് നടുവിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് മുന്നിൽ ഇപ്പോൾ ചവർക്കൂന പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇവിടെയെത്തുന്ന കുരുന്നുകൾക്ക് കൊതുകു കടിയേറ്റ് മണിക്കൂറുകളോളം ഇരിക്കേണ്ട ഗതികേടും. അങ്കണവാടിക്ക് മുന്നിലെ ഓടയിൽ എലിശല്യവും രൂക്ഷമായിരിക്കുകയാണ്. പഞ്ചായത്തിലെ ഹരിതകർമ്മസേന പ്രവർത്തകർ സ്വരൂപിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവമാലിന്യം പഞ്ചായത്ത് പരിസരത്താണ് ചവർകൂനപോലെ കൊണ്ട് തള്ളുന്നത്.