തിരുവനന്തപുരം:ജൽശക്തി അഭിയാൻ ക്യാച്ച് ദ റെയിൻ 2022 കാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേന്ദ്രസംഘമെത്തി. ഇന്നലെ കളക്ടറേറ്റിലെത്തിയ സംഘം, ജനപങ്കാളിത്തത്തിലൂടെ താഴേത്തട്ടിൽ വരെ ജലസംരക്ഷണം നടപ്പാക്കുന്നതിനായി നടപ്പിലാക്കിയ വിവിധ പദ്ധതികൾ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ സാന്നിദ്ധ്യത്തിൽ വിലയിരുത്തി.പുല്ലമ്പാറ പഞ്ചായത്ത് പ്രതിനിധികളും പി.ആർ.എസ് എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളും ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പങ്കുവച്ചു.സാമ്പത്തികകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രാങ്കൂർ ഗുപ്ത, സി.ഡബ്ല്യൂ.പി.ആർ.എസ് ടെക്നിക്കൽ ഓഫീസർ രാജ് കുമാർ എന്നിവരാണ് കേന്ദ്രസംഘത്തിലുള്ളത്. ഇന്നും നാളെയും സംഘം ജില്ലയിലെ വിവിധ പഞ്ചായത്തുകൾ സന്ദർശിച്ച് ജലസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തും.കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ വികസന കമ്മിഷണർ ഡോ.വിനയ് ഗോയൽ, എൻ.ആർ.ഇ.ജി.എസ് ജില്ലാ എൻജിനിയർ ദിനേഷ് പപ്പൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി.ഹുമയൂൺ, ജൽശക്തി അഭിയാൻ നോഡൽ ഓഫീസർ ശ്രീജേഷ് എന്നിവരും പങ്കെടുത്തു.