പാറശാല: പാറശാലയിൽ ബസ് ടെർമിനൽ സ്ഥാപിക്കുന്നതിനായി സർക്കാർ അനുവദിച്ച ആറ് കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ബസ് ടെർമിനലിനൊപ്പം പാറശാല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാന മന്ദിരം, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ നിർമ്മിക്കുന്നതിന് ഭൂമി കണ്ടെത്താൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ബസ് ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനാ യോഗം ഇന്ന് ഉച്ചക്ക് 3ന് പാറശാല പഞ്ചായത്ത് വിവാഹ മണ്ഡപത്തിൽ നടക്കും. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന യോഗത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.