വർക്കല: സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ അർഹതപ്പെട്ട ആനുകൂല്യങ്ങൾക്കും അസസ്‌മെന്റ് പ്രമോഷനും വേണ്ടി നിയമപോരാട്ടം നടത്തിയത് 13 വർഷം. പാലോട് ബോട്ടാണിക്കൽ ഗാർഡനിൽ അസി. രജിസ്ട്രാറായിരുന്ന നെടുങ്ങണ്ട സ്വദേശി സുരേഷ് ചന്ദ്രനാണ് അവകാശങ്ങൾക്കു വേണ്ടി പോരാടുന്നത്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സുരേഷിന് അനുകൂലമായ വിധി ഉണ്ടായെങ്കിലും അത് നടപ്പാക്കിക്കിട്ടാൻ ഇനിയും നിയമയുദ്ധം നടത്തേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഈ റിട്ടയേർ‌ഡ് ഉദ്യോഗസ്ഥൻ. അർഹമായ പ്രമോഷനും ശമ്പള വർദ്ധനവും അതിനനുസരിച്ച മറ്റാനുകൂല്യങ്ങളും ലഭിക്കാതെ വിരമിക്കേണ്ടി വന്ന സുരേഷ് ചന്ദ്രൻ ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയിൽ റിട്ട് പെറ്റിഷൻ നൽകി. പരാതിക്കാരന് അർഹമായ പ്രമോഷനോടെ ഉയർന്ന ശമ്പള സ്കെയിലും മറ്റാനുകൂല്യങ്ങളും മൂന്ന് മാസത്തിനകം നൽകണമെന്ന് 2020 ജൂൺ 8ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സംസ്ഥാന സർക്കാരും ബൊട്ടാണിക്കൽ ഗാർഡൻ അധികൃതരും മറ്റും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് 2021 ഡിസംബറിൽ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാൻ 8 ആഴ്ചയും അനുവദിച്ചു. എന്നാൽ മാസങ്ങൾ പലത് കഴിഞ്ഞിട്ടും ഉത്തരവ് നടപ്പായില്ല. ഇക്കാരണത്താൽ തന്നെ വീണ്ടും നിയമപോരാട്ടത്തിനൊരുങ്ങുകയാണ് സുരേഷ് ചന്ദ്രൻ.