നെടുമങ്ങാട്: പഴകുറ്റി നാലുവരിപ്പാതയുടെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാൻ ഒടുവിൽ ഗവർണർ ഉത്തരവായി. ആദ്യം തയാറാക്കിയ അലൈൻമെന്റ് അനുസരിച്ചാണ് സ്ഥലമേറ്റെടുക്കുന്നത്. സെന്റർ ഫോർ ലാന്റ് ആൻഡ് സോഷ്യൽ സ്റ്റഡീസ് ആണ് ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടുള്ളത്. കരകുളം, അരുവിക്കര, നെടുമങ്ങാട്, കരിപ്പൂർ വില്ലേജുകളിൽപ്പെട്ട 7.561 ഹെക്ടർ ഭൂമിയാണ് റോഡിനുവേണ്ടി ഏറ്റെടുക്കുന്നത്. ഇതിനായി നേരത്തെ തന്നെ സാമൂഹ്യാഘാതപഠനം നടത്തിയിരുന്നു. കൂടാതെ ഏറ്റെടുക്കുന്ന വസ്തുവിലെ കുടുംബങ്ങളുടെ പരാതികൾ കേൾക്കുന്നതിന് അദാലത്തും സംഘടിപ്പിച്ചിരുന്നു. റോഡിന്റെ കാര്യത്തിൽ പരാതികൾ ഉയർന്നതോടെ വിദഗ്ദ്ധ സമിതിയുടെ ശുപാർശ, സാമൂഹ്യാഘാത പഠന റിപ്പോർട്ട്, ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവ സർക്കാർ വിശദമായി പരിശോധിച്ചാണ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.
ഇത്തരവ് ഇങ്ങനെ
പൊതുമരാമത്ത് വകുപ്പിന്റെ പി.പി.യു ഡിസൈൻ വിഭാഗം ഐ.ആർ.സി മാനദണ്ഡങ്ങൾ അനുസരിച്ച് തയാറാക്കിയ അലൈൻമെന്റിലാണ് റോഡ് നിർമ്മിക്കുന്നത്. ഈ അലൈൻമെന്റ് കിഫ്ബിയുടെ ടെക്‌നിക്കൽ വിഭാഗം പരിശോധിച്ച് അംഗീകാരം നൽകി. ആഘാതം ലഘൂകരിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് രൂപരേഖയിൽ ആവശ്യമായ മാറ്റം വരുത്താൻ സാദ്ധ്യമല്ലെന്നും ഐ.ആർ.സി ജോമട്രിക് ഡിസൈൻ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്താൽ റോഡിൽ നിരന്തരം അപകട സാദ്ധ്യത വർദ്ധിക്കുകയും പൊതുജനങ്ങളുടെ ജീവന് സുരക്ഷയില്ലാതാകുമെന്നും ഉത്തരവിൽ പറയുന്നു.
ജില്ലാ കളക്ടർ നിയമിച്ച വിദഗ്ദ്ധ സമിതിയാണ് രണ്ടാം അലൈൻമെന്റ് തയാറാക്കിയത്. ഇതാണ് ഇപ്പോൾ തള്ളിക്കളഞ്ഞത്. ആൾ താമസമുള്ള കെട്ടിടങ്ങളിൽ നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കാതെ റോഡിനു വീതി കൂട്ടാനായിരുന്നു ഇവരുടെ ശ്രമം. രണ്ടാം അലൈൻമെന്റ് പ്രകാരം 4.28 ഹെക്ടർ സർക്കാർവക ഭൂമി ഉപയോഗപ്പെടുത്തിയില്ല. റോഡിൽ കാര്യമായ വളവുകളില്ലെന്നും റോഡിന് വലതുവശത്തുകൂടി പൈപ്പുലൈൻ പോകുന്നതിനാൽ ഇരുവശത്തു നിന്നും ഭൂമി ഏറ്റെടുത്ത് വീതികൂട്ടാൻ കഴിയില്ലെന്നുമാണ് അലൈൻമെന്റ് മാറ്റത്തിന് പ്രധാനകാരണായി പറഞ്ഞിരുന്നത്.